‘ബുറെവി’ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ വീണ്ടും മാറ്റം. ബുറെവി തിരുവനന്തപുരത്തെ പൊന്മുടി വഴിയെത്തി, വർക്കലക്കും ആറ്റിങ്ങലിനും ഇടയിലൂടെ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ പ്രവചനം. ഇത് പ്രകാരം നെയ്യാറ്റിൻകര താലൂക്കിൽ വലിയ ആശങ്ക വേണ്ട. ഉച്ചയ്ക്ക് രണ്ട് മണിയ്ക്കുള്ള കണക്ക് പ്രകാരം തമിഴ്നാട് തീരത്തിന് ഏതാണ്ട് 100 കിലോമീറ്റർ ദൂരെയാണ് ബുറെവി ചുഴലിക്കാറ്റുള്ളത്. ഇന്ന് കേരളത്തിൽ പ്രവേശിക്കില്ല.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് രാത്രി മുതൽ മഴയും കാറ്റും ഉണ്ടാകും. നാളെ ഉച്ചയോടെ കേരളത്തിൽ പ്രവേശിക്കുന്ന അതിതീവ്ര ന്യൂന മർദ്ദമായി മാറി അറബിക്കടലില്‍ പതിക്കും. ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈ, കൊച്ചി, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള 12 വിമാനങ്ങൾ റദ്ദാക്കി. ബുറേവിയെ നേരിടാൻ കേരളം സജ്ജമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖർ അറിയിച്ചു. എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളം-തമിഴ്നാട് മുഖ്യമന്ത്രിമാരുമായി സംസാരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ സഹായവും നൽകുമെന്ന് അറിയിച്ചു. ഇരു സംസ്ഥാനങ്ങളിലും ദുരന്ത നിവാരണ സേനയെ വിന്യസിച്ചുവെന്നും വിപുലമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.