കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ വച്ച് ഇന്നലെ വൈകിട്ട് രണ്ട് പേർ തന്നെ അപമാനിക്കാൻ ശ്രമിച്ചതായി മലയാളത്തിലെ യുവനടിയുടെ വെളിപ്പെടുത്തൽ . സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നടപടി എടുക്കണമെന്നും സിസിടിവി ദൃശ്യങ്ങൾ എത്രയും വേഗം ഹാജരാക്കാനും വനിതാ കമ്മീഷൻ അധ്യക്ഷ പൊലീസിന് നിർദേശം നൽകി.
മാളിൽ വെച്ച് രണ്ടു ചെറുപ്പക്കാർ അപമാനിക്കാൻ ശ്രമിച്ചതായും ശരീരത്തിൽ സ്പർശിച്ചതിന് ശേഷം അവർ തന്നെ പിന്തുടർന്നുവെന്നും അപമാനത്തിന്റെ ആഘാതത്തിൽ ആ സമയത്ത് വേണ്ടവിധം പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും അതിൽ ദുഖമുണ്ടെന്നും നടി ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സമൂഹത്തിലെ പലയിടങ്ങളിൽ നിന്നും നിരവധിപേർ നടിക്ക് പിന്തുണയുമായി എത്തി. സിസിടിവി പരിശോധനയ്ക്ക് ശേഷം നടപടിയെന്ന് പൊലീസ് വ്യക്തമാക്കി.