കുറഞ്ഞ വിലക്ക് നല്ല സാധനങ്ങൾ ലഭ്യമാക്കാൻ സപ്ലൈകോ ക്രിസ്തുമസ് മെട്രോ ഫെയറുകൾക്ക് തുടക്കമായി - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 18, വെള്ളിയാഴ്‌ച

കുറഞ്ഞ വിലക്ക് നല്ല സാധനങ്ങൾ ലഭ്യമാക്കാൻ സപ്ലൈകോ ക്രിസ്തുമസ് മെട്രോ ഫെയറുകൾക്ക് തുടക്കമായി

 


സപ്ലൈകോ ക്രിസ്മസ് മെട്രോ ഫെയർ 2020 ന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ജനമനസിൽ സ്ഥാനം നേടാൻ സർക്കാരിന്റെ പൊതുവിതരണ നടപടികൾക്ക് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ആഘോഷകാലത്തും ജനങ്ങൾക്ക് സഹായകമാകുന്ന പിന്തുണ നൽകുകയെന്നതാണ് സർക്കാർ നിലപാട്. വിലക്കയറ്റം വലിയതോതിൽ തടയുന്നതിനാണ് സപ്ലൈകോയുടെയും മറ്റു പൊതുവിതരണ ശൃംഖലകളുടെയും നേതൃത്വത്തിൽ ചന്തകൾ നടത്തുന്നത്.


കോവിഡ് കാലത്ത് സപ്ലൈകോ നിരന്തരമായ ഇടപെടൽ നടത്തിയത് കേരളത്തിലെ ജനങ്ങൾക്ക് നല്ല രീതിയിൽ ആശ്വാസം നൽകി. മഹാമാരിക്കാലത്ത് ദുരിതമനുഭവിക്കുന്നവർക്ക് നൽകിവരുന്ന കിറ്റിനൊപ്പം ക്രിസ്തുമസ് കാലം കൂടി കണക്കിലെടുത്ത് കൂടുതൽ ഇനങ്ങളുമായാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തും കോട്ടയത്തും ആലപ്പുഴയിലുമാണ് പ്രത്യേക ക്രിസ്തുമസ് ഫെയറുകൾ സംഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ മറ്റെല്ലാ സ്ഥലങ്ങളിലും ഒരു കുറവും വരുത്താതെ എല്ലാ സൂപ്പർ മാർക്കറ്റുകളും ഹൈപ്പർ മാർക്കറ്റുകളും പീപ്പിൾസ് ബസാറുകളും ക്രിസ്തുമസ് ഫെയറായി പ്രവർത്തിക്കും. എല്ലാവർക്കും അമിതവില നൽകാതെ നല്ല സാധനങ്ങൾ ലഭ്യമാക്കുകയാണ് ഈ ചന്തകളുടെ ലക്ഷ്യം. 


ഇത്തവണ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകണം ചന്തകളുടെ പ്രവർത്തനം. ഹോർട്ടികോർപ്, എം.പി.ഐ, പൗൾട്രി ഡെവലപ്മെൻറ് കോർപറേഷൻ, വിവിധ സഹകരണ സംഘങ്ങൾ എന്നിവയുടെ ഉത്പന്നങ്ങളും സഹകരണവും ചന്തകൾക്കുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിച്ചു. സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദ്യ വിൽപന നിർവഹിച്ചു. സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത എസ്. കുമാർ, അഡ്വ. ജി.ആർ. അനിൽ തുടങ്ങിയവർ സംബന്ധിച്ചു. സപ്ലൈകോ ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടർ പി.എം. അലി അസ്ഗർ പാഷ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ ജലജ ജി.എസ്. റാണി നന്ദിയും പറഞ്ഞു.


Post Top Ad