യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ ആയിരുന്നു മരണം. സ്വദേശമായ നരണിപ്പുഴയിലെ ജുമാ മസ്ജിദിലാണ് സംസ്കാരച്ചടങ്ങുകൾ. ഹൃദയാഘാതത്തിന് പിന്നാലെ തലച്ചോറിലുണ്ടായ രക്തസ്രാവവും സ്ഥിതി ഗുരുതരമാക്കുകയായിരുന്നു. വിദഗ്ധ ചികിത്സയിക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഷാനവാസിനെ എത്തിച്ചെങ്കിലും രാത്രി 10.20 ഓടെ അന്ത്യം സംഭവിച്ചു. കൊവിഡ് കാലത്ത് തിയറ്ററുകൾ അടഞ്ഞു കിടന്നപ്പോൾ ഒടിടി പ്ലാറ്റ്ഫോമിൽ സുഫിയുടേയും സുജാതയുടേയും കഥ പറഞ്ഞു പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അദ്ദേഹം എന്നെന്നേക്കുമായി യാത്ര മൊഴി ചൊല്ലി. ഷാനവാസിന്റെ കരി എന്ന ആദ്യചിത്രം നിരൂപകര്‍ക്കിടയിൽ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മൂന്നാമത്തെ ചിത്രത്തിനുള്ള തയ്യാറെടുപ്പിനു ഇടയിലാണ് ഹൃദയാഘാതം അദ്ദേഹത്തെ പിടികൂടിയത്. ഒരു ആയുഷ്ക്കാലത്തേക്കുള്ള ഓർമകളും കഥകളും ബാക്കി വെച്ചാണ് ഷാനവാസ് യാത്രയായത്.