കേരളം കാത്തിരിക്കുന്ന ജനവിധി നാളെ അറിയാം ; വിജയ പ്രതീക്ഷയോടെ മുന്നണികൾ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 15, ചൊവ്വാഴ്ച

കേരളം കാത്തിരിക്കുന്ന ജനവിധി നാളെ അറിയാം ; വിജയ പ്രതീക്ഷയോടെ മുന്നണികൾ

 


സംസഥാനത്ത് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. നെഞ്ചിടിപ്പോടെ വിജയപ്രതീക്ഷയിൽ  മുന്നണികളെല്ലാം. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിൽ വിപുലമായ ക്രമീകരണങ്ങളാണ്  ഓരോ ജില്ലയിലും ഒരുക്കിയിരിക്കുന്നത്. 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിട്ടുള്ളത്. രാവിലെ എട്ടു മണി മുതൽ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യഫല സൂചനകൾ എട്ടരയോടെ അറിയാൻ കഴിയും. മുഴുവൻ ഫലവും ഉച്ചയോടെ അറിയുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.  ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തിലാണ്  വോട്ടെണ്ണല്‍ നടക്കുക.   കോവിഡ് ബാധിതര്‍ക്കുള്ള സ്‌പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക.  നാളെ രാവിലെ എട്ട് വരെ എത്തിക്കുന്ന തപാൽ വോട്ടുകൾ ഉൾപ്പെടുത്തും.  


 കർശന കോവിഡ് നിയന്ത്രണങ്ങളോടെയാണ് വോട്ടെണ്ണൽ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.  കൗണ്ടിങ് ഓഫീസര്‍മാര്‍ക്ക് കയ്യുറയും മാസ്‌കും ഫേസ് ഷീല്‍ഡും നിര്‍ബന്ധമാണ്. പരമാവധി എട്ടു പോളിങ് സ്റ്റേഷനുകള്‍ക്ക് ഒരു കൗണ്ടിങ് ടേബിള്‍ എന്ന രീതിയിലാണ് എല്ലാ കേന്ദ്രങ്ങളിലും കൗണ്ടിങ് ടേബിളുകളുടെ  ക്രമീകരണം . കൗണ്ടിങ് കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കണക്കാക്കിയാകും ഓരോ തവണയും സ്‌ട്രോങ് റൂമില്‍നിന്ന് കണ്‍ട്രോള്‍ യൂണിറ്റുകള്‍ എത്തിക്കുന്നത്. 


ത്രിതല പഞ്ചായത്തുകള്‍ക്ക് ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍, രണ്ടു കൗണ്ടിങ് അസിസ്റ്റന്റുമാര്‍ എന്നിവരും കോര്‍പ്പറേഷനിലും മുനിസിപ്പാലിറ്റിയിലും ഒരു കൗണ്ടിങ് സൂപ്പർവൈസറും  ഒരു കൗണ്ടിങ് അസിസ്റ്റന്റിനേയുമാണു നിയമിച്ചിട്ടുള്ളത്. ടാബുലേഷന്‍, പാക്കിങ് എന്നിവയ്ക്കും പ്രത്യേകം ജീവനക്കാരുണ്ട്. ഫലം തത്സമയം ജനങ്ങളിലെത്തിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റ ട്രെന്‍ഡ് വെബ്‌സൈറ്റും സജ്ജമായികഴിഞ്ഞു. 


തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്ന് ഘട്ടങ്ങളിലുമായി 76.18 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇതിൽ തിങ്കളാഴ്ച കഴിഞ്ഞ മൂന്നാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പിലാണ് ഏറ്റവും കൂടുതൽ പോളിങ് ശതമാനം.  മൂന്നാം ഘട്ട വോട്ടെടുപ്പിൽ 78.62 ആണ് പോളിങ്. 73.12 ശതമാനമായിരുന്നു ആദ്യഘട്ടത്തിലെ പോളിങ്. രണ്ടാംഘട്ടത്തിൽ 76.78 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയിരുന്നത്. മൂന്നാംഘട്ട വോട്ടെടുപ്പിൽ മലപ്പുറം – 78.86, കോഴിക്കോട്- 78.98, കണ്ണൂർ – 77.54, കാസർകോഡ്- 77.14 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള പോളിങ് ശതമാനം
  


 

Post Top Ad