സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഉൾപ്പെടെ നാലു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവയാണ് മറ്റു ജില്ലകൾ. ബുറെവി ചുഴലിക്കാറ്റിന് മുന്നോടിയായി തിരുവനന്തപുരം ജില്ലയിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. നാളെ ഉച്ചക്ക് ശേഷം ജില്ലയിൽ ചുഴലിക്കാറ്റിൻ്റെ സ്വാധീനമുണ്ടാകും. കടൽക്ഷോഭ സാധ്യത ഉണ്ട്. ശക്തമായ മഴക്കും കാറ്റിനും സാധ്യത ഉണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ മുഴുവൻ ബീച്ചിലും നിയന്ത്രണം ഏർപ്പെടുത്തിയെന്നും അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ കളക്ടോറ്റിൽ കൺട്രോൾ റൂം തുറന്നതായും കളക്ടർ വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലയില്‍ അപകട സാധ്യതാ മേഖലയില്‍ താമസിക്കുന്ന ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിത്തുടങ്ങി. 180 ക്യാമ്പുകളാണ് റവന്യൂ വകുപ്പ് ജില്ലയില്‍ തയാറാക്കിയിട്ടുള്ളത്. ക്യാമ്പുകളിൽ 11,050 ആളുകളെ സുരക്ഷിതമായി പാർപ്പിക്കാൻ കഴിയും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മാറ്റിപ്പാര്‍പ്പിക്കുന്നതടക്കമുള്ള നടപടികള്‍ പുരോഗമിക്കുന്നു.
തിരുവനന്തപുരം താലൂക്കില്‍ 48 ക്യാമ്പുകളിലായി 1,550 പേരെ മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിയും. 1,800 പേരെ പാർപ്പിക്കാൻ കഴിയുന്ന 30 ക്യാമ്പുകള്‍ ചിറയിന്‍കീഴില്‍ സജ്ജമാക്കിയിട്ടുണ്ട്. വർക്കലയിൽ 46 ക്യാമ്പുകളിലായി 600 പേരെ മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിയും. നെടുമങ്ങാട് 19 ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 3,800 പേരെ പാർപ്പിക്കാൻ കഴിയും. കാട്ടാക്കടയിൽ 12 ക്യാമ്പുകളിലായി 1,000 പേരെയും നെയ്യാറ്റിന്‍കര 25 ക്യാമ്പുകളിലായി 2,300 പേരെയും പാർപ്പിക്കാൻ കഴിയും.
ജില്ലയില്‍ പതിവായി കാലവര്‍ഷ കെടുതി നേരിടുന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്ന് ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ അറിയിച്ചു . സുരക്ഷിതാവസ്ഥയിലല്ല എന്നു തോന്നുന്ന ആളുകൾ സ്വമേധയാ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ വൈദ്യുതിയെത്തിക്കാന്‍ കെഎസ്ഇബിക്കും മാറ്റിപാര്‍പ്പിക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിനും വാട്ടര്‍ അതോറിറ്റിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.