നെയ്യാറ്റിൻകരയിൽ തർക്കഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേഹത്ത് പെട്രോളൊഴിച്ച ദമ്പതികൾ മരിച്ച സംഭവത്തിൽ, കേസുമായി മുന്നോട്ട് പോകില്ലെന്ന നിലപാടിൽ നിന്ന് പരാതിക്കാരി പിൻവാങ്ങി. അതെ സമയം സ്ഥലമുടമയെ കസ്റ്റഡിയിലെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഭൂമി ഒഴിപ്പിക്കാനുള്ള കോടതി വിധിക്കെതിരെ മരിച്ചു പോയ രാജൻ അപ്പീൽ പോയിരുന്നു. അപ്പീലിലെ തീരുമാനം അറിയാൻ ബന്ധപ്പെട്ടവർ സാവകാശം കാണിക്കാതിരുന്നതാണ് ദുരന്തത്തിന് വഴി വെച്ചത്. ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും പട്ടികജാതിക്കാരുടെ ഭൂമി അനധികൃതമായി കൈയേറാനുള്ള ശ്രമം സർക്കാർ തടയുമെന്നും കുട്ടികളെ സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു.
അനാഥരായ കുട്ടികളുടെ സംരക്ഷണ ചുമതല സർക്കാർ ഏറ്റെടുക്കുമെന്നും തുടർപഠനത്തിന് അവസരമൊരുക്കുമെന്നും മന്ത്രി അറിയിച്ചു .ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ കുറ്റവാളികളായ എല്ലാവർക്കുമെതിരെ നടപടിയുണ്ടാവും. ഈ പ്രശ്നങ്ങൾക്കെല്ലാം കാരണക്കാരിയായ ഒരു സ്ത്രീയുണ്ട് അവരെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയും വേണമെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട് - കടകംപള്ളി പറഞ്ഞു.