സുരക്ഷിതമായ പഠന സംവിധാനം ഒരുക്കാൻ ഒറ്റക്കെട്ടായി ആറ്റിങ്ങൽ നഗരം - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 31, വ്യാഴാഴ്‌ച

സുരക്ഷിതമായ പഠന സംവിധാനം ഒരുക്കാൻ ഒറ്റക്കെട്ടായി ആറ്റിങ്ങൽ നഗരം

 


ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയുടെ അധ്യക്ഷതയിൽ  ഹയർസെക്കൻഡറി ഹൈസ്കൂൾ വിദ്യാഭ്യാസം പുനരാരംഭിക്കുന്നതിന്റെ ഭാഗമായുള്ള കൊവിഡ് പ്രതിരോധ കമ്മിറ്റി ചേർന്നു.  ജനുവരി 1 ന് നഗരത്തിലെ   6 സ്‌കൂളുകളിൽ ക്ലാസുകൾ ആരംഭിക്കും. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും അണുവിമുക്തമാക്കുകയും, അടിസ്ഥാന സൗകര്യങ്ങളും, പ്രതിരോധ സംവിധാനങ്ങളും സജ്‌ജമാക്കി കഴിഞ്ഞു. ഓരോ സ്കൂളിലെയും വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ 1 മുതൽ 3 വരെയുള്ള ഷിഫ്റ്റുകളായിട്ടാണ് ക്ലാസുകൾ ആരംഭിക്കുന്നത്. കുട്ടികൾക്ക് യൂണിഫോം നിർബന്ധമായിരിക്കും. ആഹാര സാധനങ്ങൾ സ്കൂളിനുള്ളിൽ അനുവദിക്കില്ല. ഒരു ബഞ്ചിൽ ഒരു കുട്ടി എന്ന തരത്തിലായിരിക്കും ക്ലാസ് റൂം ക്രമീകരിച്ചിട്ടുള്ളത്. 


ഓരോ ഷിഫ്റ്റിലെയും പഠനം പൂർത്തിയാക്കിയ കുട്ടികൾ അനാവശ്യമായി സ്കൂളിന് ഉള്ളിലോ പുറത്തോ കൂട്ടം ചേരുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. ഒരു ഷിഫ്റ്റ് 3 മണിക്കുറിനുള്ളിൽ പൂർത്തിയാക്കും. അതിനാൽ ഇടവേള ഉണ്ടായിരിക്കില്ല. ഏതെങ്കിലും തരത്തിൽ രോഗലക്ഷണം ഉള്ള കുട്ടികളെ സ്കൂളിലേക്ക് വിടാതിരിക്കാൻ രക്ഷകർത്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ഇവർക്ക് പ്രത്യേകം പരിഗണിച്ച് ഹാജർ നൽകുകയും അതോടൊപ്പം ഗൂഗിൾ മീറ്റിലൂടെ ക്ലാസുകൾ നൽകാനും യോഗത്തിൽ തീരുമാനമായി. വിദ്യാലയങ്ങളുടെ പരിസരത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേക്കുള്ള കുട്ടികളുടെ അനാവശ്യ സന്ദർശനം സ്ഥാപന ഉടമകൾ തന്നെ നീയന്ത്രിക്കണം. വീട്ടിൽ നിന്ന് സ്കൂളിലേക്ക് വരുന്ന വിദ്യാർത്ഥികൾ പൊതുഗതാഗത സംവിധാന പരമാവധി ഒഴിവാക്കാൻ  ശ്രദ്ധിക്കുക. മാസ്ക്, സാനിട്ടൈസർ, സാമൂഹിക അകലം എന്നിവ കർശനമായും പാലിക്കണം.ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, പി.ടി.എ അംഗങ്ങൾ, അധ്യാപകർ  എന്നിവരെ ഉൾപ്പെടുത്തി കൊവിഡ് പ്രതിരോധ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.  കൊവിഡ് ജാഗ്രത മാനദണ്ഡങ്ങൾ പാലിക്കാൻ പോലീസിന്റെ സഹായവും തേടും.  സ്കൂളുകളിലെ ഏതൊരു അടിയന്തിര ആവശ്യത്തിനും ബന്ധപ്പെടാൻ നഗരസഭയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക്കിന്റെ പ്രവർത്തനം ആരംഭിക്കാൻ യോഗം തീരുമാനിച്ചു. ഈ മഹാമാരിയെ വിദ്യാലയ കവാടത്തിന് പുറത്ത് നിർത്തി സുരക്ഷിതമായ പഠന സംവിധാനം ഒരുക്കാൻ വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ നാട്ടുകാർ എന്നിവരുടെ കൂട്ടായ സഹകരണം ആവശ്യമാണെന്നും ചെയർപേഴ്സൺ അറിയിച്ചു.


വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, സെക്രട്ടറി എസ്.വിശ്വനാഥൻ, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ്, ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസ്, ജെ.എച്ച്.ഐ മാരായ മഞ്ചു, അഭിനന്ദ്, ഹാസ്മി, മുബാറക്ക്, വിവിധ സ്കൂളുകളിലെ പ്രഥമ അധ്യാപകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ബന്ധപ്പെടേണ്ട നമ്പർ : 9745429108, 9846959600


Post Top Ad