ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്കിയ കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിഷേധിച്ച് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഐഎംഎ സംസ്ഥാന നേതാക്കള്‍ അറിയിച്ചു. സർക്കാർ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കുന്ന ഡോക്ടര്‍മാര്‍ രാവിലെ രാജ്ഭവന് മുന്നില്‍ ധര്‍ണ നടത്തും. ജൂനിയര്‍ ഡോക്ടര്‍മാരും സമരരംഗത്തുണ്ടാകും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയും അത്യാഹിത വിഭാഗവും പ്രവർത്തിക്കുമെന്നും കിടത്തി ചികിത്സയെ സമരം ബാധിക്കില്ലെന്നും ഐ എം എ അറിയിച്ചു. മെഡിക്കല്‍ കോളേജ് അധ്യാപകര്‍ വെള്ളിയാഴ്ച ഒ പി ബഹിഷ്കരിക്കുമെന്ന് കെജിഎംസിടിഎയും അറിയിച്ചു.
മോഡേണ്‍ മെഡിസിന് ഡോക്ടര്‍മാര്‍ ചെയ്യുന്ന 58 തരം സര്‍ജറികള്‍ നിര്‍ദിഷ്ട യോഗ്യതകളുള്ള ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും ചെയ്യാമെന്ന സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ തീരുമാനത്തിനെതിരായാണ് ഇന്ന് രാജ്യ വ്യാപക പ്രതിഷേധം നടത്തുന്നത്. അതേസമയം ഐഎംഎ നടത്തുന്ന പണിമുടക്ക് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ. പണിമുടക്ക് മൂലം ബുദ്ധിമുട്ടുന്ന രോഗികള്‍ക്കായി ആയുര്‍വേദ വിഭാഗം ബദല്‍ സംവിധാനം ഒരുക്കുമെന്ന് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.സമരം അനാവശ്യമാണെന്നും ഇന്ന് ആരോഗ്യ സംരക്ഷണ ദിനമായി ആചരിക്കുമെന്നും രോഗികളുടെ ക്ഷേമത്തിനായി എല്ലാ വൈദ്യശാസ്ത്ര ശാഖകളും പരസ്പരം സഹകരിക്കണമെന്നും എഎംഎഐ പ്രസിഡന്റ് ഡോ. രാജു തോമസ് പറഞ്ഞു.