സൈനികനും കുടുംബത്തിനും നേരെ വധശ്രമം ; പ്രതികളിൽ ഒരാൾ അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 3, വ്യാഴാഴ്‌ച

സൈനികനും കുടുംബത്തിനും നേരെ വധശ്രമം ; പ്രതികളിൽ ഒരാൾ അറസ്റ്റിൽ

 


കിളിമാനൂർ മടവൂരിൽ   സൈനികൻ്റെ വീട്ടിൽ അതിക്രമിച്ച് കയറി ഗുണ്ടാ സംഘം സൈനികനേയും വയോധികയായ മാതാവിനെയും ഭാര്യയേയും മർദിച്ചും പിന്നീട് കാറിടിപ്പിച്ചും കൊലപ്പെടുത്താൻ ശ്രമം. ഗുരുതരമായ പരിക്കുകളോടെ മൂവരും സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മടവൂർ തകരപ്പറമ്പ് പഴുവടി ജി.എസ് ഭവനിൽ ഗണപതിപ്പോറ്റിയുടെ മകൻ സൈനികനായ സ്വാതി (32), സ്വാതിയുടെ ഭാര്യ സരിഗസതീഷ് (29), അമ്മ ശ്യാമളകുമാരി (65) എന്നിവരെയാണ് കാറിലെത്തിയ  മൂന്നംഗ സംഘം വീട്ടിൽ കയറി ആക്രമിച്ചത്. സംഭവത്തിൽ സമീപവാസിയായ ബാബു സദനത്തിൽ ടി. ബാബു (64) വിനെ  പോലീസ് അറസ്റ്റ് ചെയ്തു. 


സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കാറിലെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. ശ്യാമള കുമാരിയ്ക്കും സരിഗയ്ക്കും നേരേയാണ് ആദ്യം ആക്രമണമുണ്ടായത്. നിലവിളി കേട്ട് ഓടിയെത്തിയ സ്വാതിയ്ക്ക് നേരേയും ആക്രമണമുണ്ടായി. ഇരുമ്പു ദണ്ഡു കൊണ്ടുള്ള ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ മൂവരും പുറത്ത് റോഡിലേക്ക് ഓടിയിറങ്ങുന്നതിനിടെ അക്രമിസംഘത്തിൻ്റെ കാർ മുന്നോട്ട് എടുത്ത് സ്വാതിയെയും ഭാര്യയെയും ഇടിച്ച് തെറിപ്പിക്കുകയും, രക്ഷപെടാൻ ശ്രമിച്ച ശ്യാമളകുമാരിയെ കാർ പിന്നോട്ടെടുത്ത് ഇടിച്ചിട്ട ശേഷം സംഭവസ്ഥലത്തു നിന്നും കാർ ഓടിച്ചു പോവുകയും ചെയ്തു. ഈ സമയം സമീപവാസിയായ ഒന്നാംപ്രതി ബാബു അക്രമികളോട് മൂവരേയും കൊല്ലാൻ ആക്രോശിച്ചതായും പറയുന്നു. സ്വാതിയുടെയും ബാബുവിൻ്റെയും വീടിന് മുൻവശത്തുള്ള റോഡിൻ്റെ ടാറിടലിനെ ചൊല്ലി ഇവർ തമ്മിലുണ്ടായ വാക്കുതർക്കമാണ് വധശ്രമത്തിൽ കലാശിച്ചത്. 

  

സ്വാതിയുടെയും ബാബുവിൻ്റെയും വീടിന് മുൻവശത്തുള്ള തകരപ്പറമ്പ്-മടവൂർ റോഡിൻ്റെ ടാറിടൽ നടക്കുന്നുണ്ടായിരുന്നു. വീട്ടിലേക്ക് വാഹനം കയറാൻ പറ്റുന്ന വിധം ടാറിടണമെന്ന് സ്വാതി കരാറുകാരനോട് ആവശ്യപ്പെട്ടു. സമീപത്തുണ്ടായിരുന്ന ബാബു ഇതിനെതിരെ പ്രതികരിക്കുകയും ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടാവുകയും ചെയ്തിരുന്നു. തുടർന്ന് ബാബു മൂന്നംഗസംഘത്തെ വിളിച്ചു വരുത്തിയാണ് അക്രമം നടത്തിയത്. പരിക്കേറ്റ മൂവരും വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിലെ ബാക്കി പ്രതികളേയും വാഹനത്തേയും സംബന്ധിച്ച് അന്വേഷണത്തിലാണെന്നും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു. പള്ളിക്കൽ എസ്.എച്ച്.ഒ.അജി.ജി.നാഥ്, എസ്.ഐ. പി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
 

Post Top Ad