ബുറേവി ദുർബലമാകുന്നു ; കേരളത്തിൽ ആശങ്ക വേണ്ട - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 4, വെള്ളിയാഴ്‌ച

ബുറേവി ദുർബലമാകുന്നു ; കേരളത്തിൽ ആശങ്ക വേണ്ട


 കേരളത്തിൽ ബുറേവി ചുഴലിക്കാറ്റിന്റെ ആശങ്ക മാറിവരുന്നു. അതിതീവ്ര ന്യൂനമർദം വീണ്ടും ദുർബലമായതോടെ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട് . കേരളത്തിലെത്തുന്നതിന് മുന്നേ തമിഴ്‌നാട്ടിൽ വെച്ച് തന്നെ ന്യൂനമർദത്തിലെ കാറ്റിൻ്റെ വേഗത മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിമീ വരെയായി മാറാനാണ് സാധ്യത.  തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കൻ മേഖലയിലൂടെ ന്യൂനമർദം അറബിക്കടലിലെത്തും. ഇന്ന് രാത്രി മുതൽ 12 മണിക്കൂർ നേരത്തേക്ക് തെക്കൻ കേരളത്തിൽ മണിക്കൂറിൽ ഏകദേശം 35 മുതൽ 45 വരെ കിമീ വേഗതയുള്ള കാറ്റ് ഉണ്ടായേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.മാന്നാർ കടലിടുക്കിൽ എത്തിയ ബുറെവി ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് രാമനാഥപുരത്തിന് സമീപത്താണ് എത്തിയിരിക്കുന്നത്. കേരളത്തിനുള്ള എല്ലാ ചുഴലിക്കാറ്റ് മുന്നറിയിപ്പുകളും പിൻവലിച്ചു. ഒരു ജില്ലയിലും റെഡ്, ഓറഞ്ച് അലർട്ട് ഇല്ല. പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കല്‍പ്പിച്ചിരുന്ന എല്ലാ ജില്ലകളിലും റാപ്പിഡ് റെസ്പോൺസ് ടീം എപ്പോഴും ജാഗ്രതയായിരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. 


തീരദേശ മേഖലകളിൽ ആവശ്യമായ ജീവനക്കാർ ഉൾപ്പെടെ സജ്ജീകരണങ്ങൾ ഒരുക്കണം. ഒറ്റപ്പെട്ട കനത്ത മഴക്ക് മാത്രമാണ് സംസ്ഥാനത്ത് ഇന്ന് സാധ്യത. അപൂർവം ചില സ്ഥലങ്ങളിൽ മാത്രമാണ് ശക്തമായ മഴ ഉണ്ടാവുക. മൽസ്യബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം തുടരും. ബുറേവിയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.  ചുഴലിക്കാറ്റും, മഴയും മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും അതിന് ശേഷമുണ്ടാകുന്ന പകർച്ചവ്യാധികളും നേരിടുന്നതിനായാണ് ജാഗ്രതാ നിർദ്ദശം പുറപ്പെടുവിച്ചത്. എല്ലാ പ്രധാന ആശുപത്രികളും മെഡിക്കൽ കോളേജുകളും വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 


Post Top Ad