തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഓരോ വാര്‍ഡിലും ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം തെരഞ്ഞെടുപ്പ് കമ്മിഷന് നിശ്ചയിച്ചിരിക്കുന്നതിനേക്കാള്‍ കൂടരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. അധികമായി വാഹനങ്ങള്‍ ഉപയോഗിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയുണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കി.
ഗ്രാമ പഞ്ചായത്തുകളില്‍ ഒരു സ്ഥാനാര്‍ഥിക്ക് ഒരു പ്രചാരണ വാഹനം മാത്രമേ അനുവദിക്കുകയുള്ളൂ. ബ്ലോക്ക് പഞ്ചായത്തില്‍ പ്രചരണത്തിനായി മൂന്ന് വാഹനങ്ങളും ജില്ലാ പഞ്ചായത്തില്‍ നാല് വാഹനങ്ങളും ഉപയോഗിക്കാം. മുൻസിപ്പാലിറ്റിയിൽ ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി രണ്ടു വാഹനങ്ങളും കോര്‍പ്പറേഷനില്‍ നാലു വാഹനങ്ങളും പ്രചരണത്തിനായി ഉപയോഗിക്കാം.
പ്രചരണ വാഹനങ്ങളില്‍ ഉച്ചഭാഷണി ഉപയോഗിക്കുന്നതിനു മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്. അനുവദനീയമായ ശബ്ദ പരിധി കര്‍ശനമായി പാലിച്ചിരിക്കണം. രാത്രി ഒമ്പതിനും രാവിലെ ആറിനും ഇടയില്‍ വാഹനത്തില്‍ ഉച്ചഭാഷണി ഉപയോഗിച്ചുള്ള പ്രചരണം പാടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.