തമിഴ്നാട്ടിൽ നിന്നുളള ഗുണ്ടാസംഘം മാരകായുധങ്ങളുമായി തിരുവനന്തപുരത്ത് പോലീസ് പിടിയിൽ. കടം നൽകിയ പണം തിരിച്ചു കിട്ടാത്തത്തിനെ തുടർന്ന് പണം നൽകാനുളള ആളെ ആക്രമിച്ച് തിരികെ മടങ്ങുന്ന വഴിയാണ് ഗുണ്ടാസംഘം പൊലീസ് പിടിയിലായത്. തമിഴ്നാട് സേലം സ്വദേശികളായ പാർഥിവൻ, പ്രസാത്ത്, സുരേഷ്കുമാർ, രവിചന്ദ്രൻ, കാർത്തി, സതീഷ് കുമാർ എന്നിവരാണ് പിടിയിലായത്.
പുത്തൻതെരുവ് സ്വദേശിയായ ഹരിഹരന് ഓഹരി വിപണിയിൽ നിക്ഷേപിക്കാനായി പാർഥിവനും പ്രസാത്തും നാല് വർഷം മുൻപ് പണം കടം നൽകിയിരുന്നു. എന്നാൽ ഹരിഹരൻ ഇതുവരെ പണം തിരിച്ചു നൽകിയില്ല. ഇതിനെ തുടർന്ന് ഹരിഹരൻ അന്വേഷിച്ച് ഗുണ്ടകളുമായാണ് ഇവർ തിരുവനന്തപുരത്തേക്ക് എത്തിയത്. തുടർന്ന് വീടിന് സമീപത്ത് വച്ച് ഹരിഹരനെ ആക്രമിക്കുകയും മാരകായുധങ്ങൾ കാട്ടി ഹരിഹരനെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും പാസ്പോർട്ടും ഉൾപ്പെടെയുളളവ കവരുകയും ചെയ്തു.
ഹരിഹരനെ ഭീഷണിപ്പെടുത്തി ചെക് ലീഫുകളും മുദ്ര പത്രങ്ങളും ഒപ്പിടിച്ച ശേഷം വിട്ടയക്കുകയും ചെയ്തു. ഹരിഹരന്റെ പരാതിയിന്മേൽ ഫോർട്ട് പോലീസ് നടത്തിയ തെരച്ചിലിനൊടുവിൽ തിരുവനന്തപുരം സംഗീത കോളേജ് പരിസരത്ത് വെച്ച് ഗുണ്ടാസംഘത്തെ പോലീസ് പിടികൂടി. തമി ഴ്നാട്ടിലെ ഒരു പ്രാദേശിക രാഷ്ട്രീയ പാർട്ടിയുടെ കൊടി പതിപ്പിച്ച വാഹനത്തിലാണ് ഗുണ്ടാസംഘം കേരളത്തിലെത്തിയത്. ഇവർ സഞ്ചരിച്ച വാഹനം പൊലീസ് പിടിച്ചെടുത്തു. നാൽപത് ലക്ഷത്തോളം രൂപ ഹരിഹരൻ നൽകാനുണ്ടെന്നാണ് ഇവർ പൊലീസിനെ അറിയിച്ചത്. പ്രതികളെ പോലീസ് കോടതിയിൽ ഹാജരാക്കി.