തിരുവനന്തപുരം പോത്തൻകോട് നിന്നും അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടി യന്ത്രങ്ങളുമായി ചാരിറ്റി പ്രവർത്തകൻ അറസ്റ്റിൽ. മംഗലപുരം തോന്നയ്ക്കല്‍ കേന്ദ്രീകരിച്ച് ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ആഷിഖ് തോന്നയ്ക്കല്‍ ( 35 ) ആണ് പോലീസ് പിടിയിലായത്. കള്ളനോട്ട് സംഘത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേര്‍ക്കായി പോലീസ് അന്വേഷണം വ്യാപകമായി തുടരുകയാണ്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെയും വര്‍ക്കല പോലീസിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
കള്ളനോട്ട് മാറാന്‍ ശ്രമിച്ച രണ്ടുപേരെ കഴിഞ്ഞ ദിവസം വര്‍ക്കല പാപനാശം ബീച്ചില്‍ നിന്നും പോലീസ് പിടികൂടിയിരുന്നു. ഇതിനെ തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് സംഘത്തിലെ കൂടുതല്‍ പേരെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസിലെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ആഷിഖ് തോന്നയ്ക്കല്‍ പിടിയിലാവുന്നത്. അറസ്റ്റിലായ ആഷിഖ് തോന്നയ്ക്കല്‍ പോത്തന്‍കോട് കാട്ടായിക്കോണം നെയ്യനമൂലയില്‍ വാടകക്ക് വീട് എടുത്ത് താമസിച്ച് വരികയായിരുന്നു. ഇയാൾ താമസിച്ച കാട്ടായിക്കോണത്തെ വാടക വീട്ടിൽ നിന്നും അഞ്ചു ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടി യന്ത്രങ്ങളും പിടികൂടിയിട്ടുണ്ട്. 200, 500, 2000 രൂപയുടെ കള്ളനോട്ടുകളാണ് പോലീസ് വീട്ടിൽ നിന്നും കണ്ടെത്തിയത്. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായും അവരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.