തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനുള്ള പോളിങ് ബൂത്തുകൾ ഇന്ന് (07 ഡിസംബർ) സജ്ജമാകും. ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ എട്ടിന് ആരംഭിച്ചു. 16 കേന്ദ്രങ്ങളിൽനിന്നാണു പോളിങ് സാമഗ്രികളുടെ വിതരണം നടത്തുന്നത് . ജില്ലയിലെ 1,727 തദ്ദേശ സ്ഥാപന വാർഡുകളിലായി 3,281 പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
ത്രിതല പഞ്ചായത്തുകളുടെ പോളിങ് സാമഗ്രികളുടെ വിതരണം ബ്ലോക്ക് അടിസ്ഥാനത്തിലാണു നടക്കുന്നത്. ആറ്റിങ്ങൽ ഗവൺമെന്റ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് ചിറയിൻകീഴ് ബ്ലോക്ക് പരിധിയിലുള്ള ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണം നടക്കുന്നത്. കിളിമാനൂർ എച്ച്.എസ്.എസിൽനിന്ന് കിളിമാനൂർ ബ്ലോക്ക് പരിധിയിലുള്ള പോളിങ് ബൂത്തുകളിലെ പോളിങ് സാമഗ്രികൾ വിതരണം ചെയ്യും.
വാമനപുരം ബ്ലോക്കിലെ ബൂത്തുകൾക്ക് വെഞ്ഞാറമ്മൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും നെടുമങ്ങാട് ബ്ലോക്കിലേത് നെടുമങ്ങാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലുമാണു വിതരണം ചെയ്യുന്നത്. വർക്കല മുനിസിപ്പാലിറ്റിയിലെ പോളിങ് സാമഗ്രികൾ വർക്കല മുനിസിപ്പൽ ഓഫിസിൽനിന്നും ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലേത് ആറ്റിങ്ങൽ മുനിസിപ്പൽ ഓഫിസിൽനിന്നും നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലേത് മഞ്ച ബി.എച്ച്.എസിൽനിന്നും വിതരണം ചെയ്യും.
വോട്ടെടുപ്പിനു ശേഷം പ്രിസൈഡിങ് ഓഫിസർമാർ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും മറ്റു സാമഗ്രികളും ഈ കേന്ദ്രങ്ങളിൽ തന്നെയാണ് എത്തിക്കുന്നത്. അതതു തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടെണ്ണൽ നടക്കുന്നതും ഇതേ കേന്ദ്രങ്ങളിൽ വച്ചാണ്. വോട്ടെണ്ണൽ വരെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഈ കേന്ദ്രങ്ങളിൽ അതീവ സുരക്ഷയിൽ തയാറാക്കുന്ന സ്ട്രോങ് റൂമുകളിലാണ് സൂക്ഷിക്കുന്നത്.