ചെകുത്താൻ തിരുവസ്ത്രമണിഞ്ഞ് മാലാഖയുടെ ചിറകരിഞ്ഞപ്പോൾ രണ്ട് പതിറ്റാണ്ടിന് ശേഷം ആ മാലാഖയുടെ വിശുദ്ധിക്ക് നീതി കിട്ടിയതും 2020 ലെ ഈ ഡിസംബർ മാസത്തിലാണ്. ആശങ്കകൾക്കിടയിലും പ്രതീക്ഷയോടെ മുന്നേറാൻ ജീവിതത്തിന്റെ ഏടുകളിൽ പ്രത്യാശയുടെ വെള്ളിവെളിച്ചത്തിലേക്ക് പ്രാർഥനയോടെ യാത്ര ചെയ്യാം. അവശതയും പട്ടിണിയും ബാധിച്ച് കഷ്ടപ്പെടുന്നവർ, കണ്ടിട്ടും കാണാതെ പോകുന്ന യാചനയോടെ നിൽക്കുന്ന ചില മുഖങ്ങൾ ഈ തിരുപ്പിറവിയുടെ ആഘോഷവേളയിൽ നമുക്ക് തിരിച്ചറിയാൻ ശ്രമിക്കാം. ദൈവത്തിന്റെ കരങ്ങളായി അവരിൽ ഒരാളായി മാറാൻ നമുക്ക് സാധിച്ചാൽ സ്നേഹം മണ്ണിൽ ദൈവപുത്രനായി ജനിച്ച തിരുപ്പിറവിയുടെ ജന്മദിനാഘോഷങ്ങൾക്ക് നിറവുണ്ടാകും.
ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകളുണർത്തി ക്രിസ്മസ് വന്നെത്തി. ആകാശ നീലിമയിൽ പ്രകാശം ചൊരിയുന്ന
നക്ഷത്രങ്ങളേക്കാൾ ചാരുതയോടെ ഭൂമിയിലെ നക്ഷത്രങ്ങൾ കൺ ചിമ്മുന്ന കാലം. മഞ്ഞിന്റെ കുളിരേകുന്ന രാവുകളുമായി പ്രകൃതിയും ഉണ്ണി യേശുവിന്റെ തിരുപ്പിറവിയെ വരവേൽക്കാൻ കാത്തു നിൽക്കുന്നു. വർണങ്ങളുടെ വസന്തം തീർക്കുന്ന പുൽക്കൂടുകളും ക്രിസ്തുമസ് ട്രീയും പ്രിയപ്പെട്ടവരുടെ ആശംസകളുമായി എത്തുന്ന ക്രിസ്തുമസ് കാർഡുകളും സമ്മാനപൊതിയുമായി എത്തുന്ന സാന്റാക്ലോസും കരോൾ നൃത്തവും ക്രിസ്തുമസ് കേക്കിന്റെ മാധുര്യവും അങ്ങനെ എത്ര എത്ര ഓർമ്മകളാണ് മനസിലേക്ക് ഓടി എത്തുന്നത്. ക്രിസ്തുമസ് എന്നാൽ ആഘോഷത്തിന്റെ ദിനങ്ങൾ മാത്രമല്ല സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും കൂടി സമയമാണെന്ന ഓർമ്മപ്പെടുത്തലുമായാണ് ഓരോ ക്രിസ്തുമസും നമ്മിലേക്ക് വന്നണയുന്നത്.
ക്രിസ്തീയ വിശ്വാസികൾക്ക് ഏറ്റവും വിശേഷപ്പെട്ട ആഘോഷമാണ് ക്രിസ്തുവിന്റെ ജന്മദിനമായ ക്രിസ്മസ്. എന്നാൽ ക്രിസ്തുമസ് ഒരു മതവിഭാഗത്തിന്റെ മാത്രം ആഘോഷമല്ല. ജാതി മത ഭേദമന്യേ ക്രിസ്തുമസ് ആഘോഷിക്കുന്നു. പരിശുദ്ധാത്മാവിന്റെ കടാക്ഷത്തിൽ ബെത്ലഹേമിലെ കാലിത്തൊഴുത്തിൽ കന്യാമറിയത്തിനും ജോസഫിനും ജനിച്ച മകനാണ് യേശുവെന്നാണ് വിശ്വാസം . കാലിത്തൊഴുത്തിലിലെ ഉണ്ണിയേശുവിന്റെ ജനനത്തെ സ്മരിച്ചുകൊണ്ട് പുൽക്കൂടൊരുക്കുന്നു. യേശുവിന്റെ ജനനമറിഞ്ഞു ബെത്ലഹേമിലേക്കു യാത്രതിരിച്ച ജ്ഞാനികൾക്ക് വഴികാട്ടിയായ നക്ഷത്രത്തെ സ്മരിച്ചു കൊണ്ട് ക്രിസ്തുമസിന്റെ വരവറിയിച്ച് കൊണ്ട് ഭൂമിയിലും നക്ഷത്രവിളക്കുകൾ തെളിയുന്നു. ക്രിസ്തുമസ് ദിനങ്ങളിലെ മറ്റൊരു ആകർഷണമാണ് ക്രിസ്മസ് ട്രീ. ചുവപ്പ്, പച്ച, സ്വർണ്ണനിറം, വെള്ള എന്നീ നിറങ്ങളിലുള്ള വർണ്ണ കടലാസുകളും, അലങ്കാര മണിയും, സമ്മാനങ്ങളും കൊണ്ടൊരുക്കുന്ന ക്രിസ്മസ് ട്രീ വർണങ്ങളുടെ ഒരു മായാജാലം തീർക്കും. വെള്ള ശാന്തിയെയും സമാധാനത്തേയും, ചുവപ്പ് യേശുവിന്റ തിരു രക്തത്തെയും, പച്ച മരണാനന്തര ജീവിതത്തെയും, സ്വർണ്ണ നിറം രാജകീയതേയും പ്രതിനിധീകരിക്കുന്നു.
കോവിഡ് നിയന്ത്രങ്ങൾ പാലിച്ചു ഏവരും ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു. ക്രിസ്തുമസ് രാവിൽ ഉണ്ണിയേശുവിന്റെ തിരുപിറവിയുടെ ഓർമ്മ പുതുക്കലുമായി എത്തുന്ന കരോളിനും വിശ്വാസികളുടെ പാതിരാകുർബാനയുമെല്ലാം കോവിഡ് നിയന്ത്രണങ്ങളിലെ സാമൂഹിക അകലം ഒരു പ്രതിബന്ധമായി മാറി. പിടിവിടാതെ പിന്തുടരുന്ന മഹാമാരിയുടെ കരങ്ങളിൽ പെട്ട് സംഘർഷങ്ങളും ദുഖങ്ങളും കൊണ്ട് വീർപ്പുമുട്ടുന്ന ഈ കാലഘട്ടത്തിൽ ആർഭാടങ്ങൾക്കും ആഡംബരങ്ങൾക്കും മങ്ങലേൽക്കുന്നുണ്ടെങ്കിലും ആഘോഷങ്ങൾക്ക് മാറ്റൊട്ടും കുറഞ്ഞിട്ടില്ല.