പ്രവാസികൾക്ക് ആശ്വാസമായി ; യുഎഇയിൽ കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കി തുടങ്ങി - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 12, ശനിയാഴ്‌ച

പ്രവാസികൾക്ക് ആശ്വാസമായി ; യുഎഇയിൽ കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കി തുടങ്ങി

 


യുഎഇയിൽ  പൊതുജനങ്ങള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കിത്തുടങ്ങി.  ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ച കൊവിഡ്  വാക്‌സിനാണ്  പൊതുജനങ്ങള്‍ക്ക് നല്‍കി തുടങ്ങിയത്.  മാസങ്ങളായി യുഎഇയില്‍ മൂന്നാം ഘട്ട പരീക്ഷണം നടത്തിവന്നിരുന്ന വാക്സിനാണ് സിനോഫാമിന്റേത്.   മൂന്നാം ഘട്ട പരീക്ഷണ ഫലത്തിന്റെ വിശദമായ പരിശോധനയിൽ ഈ വാക്‌സിൻ  കൊവിഡ് വൈറസ് ബാധയ്‍ക്കെതിരെ 86 ശതമാനം ഫലപ്രാപ്തി ഉണ്ടെന്ന്  യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയവും   അബുദാബി ആരോഗ്യ വകുപ്പും കണ്ടെത്തിയതിനെ തുടർന്നാണ് പൊതുജനങ്ങള്‍ക്ക് വാക്‌സിൻ നൽകുന്നത്.  


ആദ്യ ഡോസ് വാക്‌സിൻ  എടുത്ത ശേഷം 21 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് കൂടി സ്വീകരിക്കണം. വാക്സിനെടുക്കാനെത്തുന്നവരുടെ ആരോഗ്യനില പരിശോധിച്ച ശേഷം സംശയങ്ങളും ദൂരീകരിച്ചാണ് ഇഞ്ചക്ഷന്‍ നല്‍കുന്നത്. കൊവിഡ് വാക്‌സിന്റെ  മൂന്നാം ഘട്ട പരീക്ഷണം ജൂലൈയിലാണ് യുഎഇയില്‍ ആരംഭിച്ചത്. 120 രാജ്യങ്ങളില്‍ നിന്നുള്ള 31,000 പേര്‍ക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ വാക്സിനെടുത്തത്.  അബുദാബി ആസ്ഥാനമായ ജി42 ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനവുമായി ചേര്‍ന്നായിരുന്നു നടപടികള്‍ പൂർത്തീകരിച്ചത്.  കൊവിഡ്  വാക്സിന്‍, ആന്റിബോഡിയെ നിര്‍വീര്യമാക്കുന്ന സെറോകണ്‍വര്‍ഷന്‍ നിരക്ക് 99 ശതമാനമാണ്.  രോഗത്തിന്റെ ഗുരുതരാവസ്ഥ പ്രതിരോധിക്കുന്നതില്‍ 100 ശതമാനം ഫലപ്രാപ്തി വാക്‌സിനുണ്ട്.  ഗുരുതരമായ മറ്റ് സുരക്ഷാ പ്രശ്നങ്ങളൊന്നും വാക്സിനുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടുമില്ല.


യുഎഇയിൽ പൊതുജനങ്ങള്‍ക്കും  വാക്സിന്‍ നല്‍കിത്തുടങ്ങിയതോടെ നിരവധി പ്രവാസികളും ഇതിനോടകം വാക്സിനെടുത്തു കഴിഞ്ഞു. യുഎഇയില്‍ ജീവിക്കുന്നവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം ലഭിക്കുന്ന നടപടിയാണിതെന്നും  വാക്സിന്‍ സ്വീകരിച്ചവര്‍ അഭിപ്രായപ്പെട്ടു. എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കുന്ന യുഎഇ സര്‍ക്കാറിനെയും അവര്‍ അഭിനന്ദിച്ചു.  അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയുടെ (സേഹ) 80050 എന്ന നമ്പറില്‍ വിളിച്ച് വാക്സിനെടുക്കാനുള്ള അപ്പോയിന്റ്മെന്റ് വാങ്ങാം. സേഹയുടെ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും ക്ലിനിക്കുകളിലും വാക്സിന്‍ ലഭിക്കും.  കോള്‍ സെന്ററില്‍ വിളിക്കുമ്പോള്‍ എമിറേറ്റ്സ് ഐഡി വിവരങ്ങൾ കൂടി നൽകേണ്ടതാണ്. 
Post Top Ad