ഭിന്നശേഷിക്കാരായ കുട്ടികളുള്ളവർക്കും ഗുരുതരമായ ശസ്ത്രക്രിയയ്ക്ക് വിധേയമായതുമായ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്നു ജോലി ചെയ്യാൻ ദുരന്ത നിവാരണ വകുപ്പ് മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് നടപടി.
മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്ന കുട്ടികളുടെയും സെറിബ്രൽ പാൾസി, ഓട്ടിസം തുടങ്ങിയ രോഗം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളായ ജീവനക്കാർക്കാണ് സൗകര്യം അനുവദിക്കുക. കൂടാതെ അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയമായിട്ടുള്ളവർക്കും വിധേയമാകാൻ പോകുന്നവർക്കും വർക്ക് ഫ്രം ഹോം മുഖേന ജോലി ചെയ്യാം.
വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള സാഹചര്യമില്ലെങ്കിൽ വ്യക്തിഗത അപേക്ഷ പരിശോധിച്ചും സാഹചര്യങ്ങൾ വിലയിരുത്തിയും മേലധികാരിക്ക് യുക്തമായ തീരുമാനത്തിലെത്താം. ഒരു മാസത്തിന് മുൻപ് ഗുരുതരമായ ശസ്ത്രക്രിയക്ക് വിധേയരായിട്ടുള്ളവർക്ക് ശസ്ത്രക്രിയ കഴിഞ്ഞ് പരമാവധി ഒരു മാസത്തേക്കും ഡയാലിസിസിന് വിധേയമാകുന്നവർക്കും വർക്ക് ഫ്രം ഹോം മുഖേന ജോലി ചെയ്യാമെന്ന് നിർദ്ദേശത്തിൽ പറയുന്നു.