ശബരിമലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തീര്‍ത്ഥാടനത്തിനുള്ള കോവിഡ് മാര്‍ഗനിര്‍ദേശം ആരോഗ്യവകുപ്പ് പുതുക്കി നിർദ്ദേശിച്ചു. ശബരിമലയില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി കൊണ്ടാണ് പുതുക്കിയ നിർദ്ദേശം. ഡിസംബര്‍ 26 മുതല്‍ പുതുക്കിയ മാർഗ നിർദ്ദേശം നിലവില്‍ വരും. ശബരിമല ദർശനത്തിന് എത്തുന്ന തീര്‍ത്ഥാടകര്‍ക്കും ശബരിമല ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി.
ശബരിമലയില്‍ കഴിഞ്ഞദിവസം നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 36 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരില്‍ 18 പൊലീസുകാരും 12 ദേവസ്വം ജീവനക്കാരും ഉള്‍പ്പെട്ടിരുന്നു. പോസിറ്റീവായി കണ്ടെത്തിയവരെ പമ്പയിലെത്തിച്ച് അവിടെനിന്നു ജില്ലയിലെ വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് മാറ്റി. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് സന്നിധാനം വിട്ടുപോകാനും ക്വാറന്റീനില്‍ കഴിയാനും നിര്‍ദേശം നല്കി.