ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുറേവി ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതിനെ തുടർന്ന് ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ 48 വില്ലേജുകളില്‍ പ്രത്യേക ശ്രദ്ധ നല്കാന് റവന്യൂ, പൊലീസ്, തദ്ദേശ സ്വയംഭരണ അധികൃതർക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി.
താലൂക്ക് അടിസ്ഥാനത്തില്‍ 24 മണിക്കൂര്‍ കണ്ട്രോള് റൂമുകള്‍ തുറന്നു. കര, നാവിക, വ്യോമ സേനകളുടേയും ദേശീയ ദുരന്ത നിവാരണ സേനയുടേയും സഹായം ഉറപ്പാക്കി. അടിയന്തര സാഹചര്യമുണ്ടായാല്‍ ആളുകളെ ഒഴിപ്പിക്കാന്‍ റവന്യൂ – തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ ഒരുക്കം പൂർത്തിയായി. വെള്ളപ്പൊക്ക സാധ്യത മുന്നില്‍ക്കണ്ട് ജില്ലയിലെ പ്രധാന നദികളിലെ ജലനിരപ്പ് അപ്പപ്പോള്‍ നിരീക്ഷണ വിധേയമാക്കാന്‍ കളക്ടര്‍ ഹൈഡ്രോളജി വകുപ്പിന് നിർദ്ദേശം നൽകി. അതിതീവ്ര മഴയ്ക്കുള്ള കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ പ്രധാന അണക്കെട്ടുകളില്‍നിന്നു പരമാവധി ജലം തുറന്നുവിടാനും കളക്ടര്‍ നിര്‍ദ്ദേശം നല്കി.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വോട്ടെടുപ്പു കേന്ദ്രങ്ങളായി നിശ്ചയിച്ചിരിക്കുന്ന സ്ഥാപനങ്ങൾ ഒഴിവാക്കിയാണു ദുരിതാശ്വാസ ക്യാംപുകളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. ക്യാംപുകൾ തുറക്കേണ്ടി വന്നാൽ ഇവിടങ്ങളിൽ വൈദ്യുതിയും വെള്ളവും ഭക്ഷണ സാധനങ്ങളും എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാനും കെഎസ്ഇബി, ജല അതോറിറ്റി, സിവിൽ സപ്ലൈസ് വകുപ്പുകൾക്കു നിർദേശം നൽകുകയും ചെയ്തു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തുനിന്ന് കടലില്‍ പോകുന്നത് പൂര്‍ണമായും നിരോധിച്ചു. വിലക്ക് എല്ലാതരം മത്സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവർ എത്രയും പെട്ടെന്ന് സുരക്ഷിത തീരത്ത് എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു.