ആറ്റിങ്ങൽ നഗരസഭ 13-ാം വാർഡിലെ കഴിഞ്ഞ ദിവസം ടാറിംഗ് പണി പൂർത്തിയാക്കിയ കോണത്ത് റോഡാണ് രാത്രി ഒരു സ്വകാര്യ വ്യക്തി വെട്ടികുഴിച്ചത്. പാർട്ടി പ്രവർത്തകരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടർന്ന് ചെയർപേഴ്സൺ അഡ്വ.എസ് കുമാരി സ്ഥലം സന്ദർശിക്കുകയും കാര്യങ്ങൾ അന്വേഷിച്ചറിയുകയും ചെയ്തു.
തന്റെ വസ്തുവിന്റെ അതിർത്തി സൂചിപ്പിക്കുന്ന കല്ല് റോഡിൽ ചേർന്നാണ് സ്ഥിതി ചെയ്യുന്നതെന്നും റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ കല്ലിന് മറവ് വന്നതിനാലാണ് റോഡ് വെട്ടികുഴിച്ചതെന്നുമാണ് വ്യക്തി പറഞ്ഞത്. എന്നാൽ താൻ ഇക്കാര്യം നേരത്തെ തന്നെ വാർഡ് കൗൺസിലറെ അറിയിച്ചിരുന്നതായും ഇവർ പറഞ്ഞു. ചെയർപേഴ്സൺ പ്രതിഷേധക്കാരോടും സ്വകാര്യ വ്യക്തിയോടും ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തി. റോഡ് വെട്ടികുഴിച്ച സ്ഥലം ഉടൻ തന്നെ സ്വകാര്യ വ്യക്തി കോൺക്രീറ്റ് ചെയ്യും അതോടൊപ്പം കല്ല് മാറ്റി സ്ഥാപിക്കുകയും ചെയ്യാൻ ധാരണായി. വാർഡ് വികസന കമ്മിറ്റി അംഗങ്ങളായ ബാലചന്ദ്രൻ, സണ്ണി, ബാബു, ഉണ്ണി, ഡി.വൈ.എഫ്.ഐ പ്രവർത്തകരായ അനസ്, അഖിൽ തുടങ്ങിയവരാണ് പ്രതിഷേധത്തിന് നേതൃത്വം വഹിച്ചത്.