പ്രതിമാസം 4000 രൂപ വരെ ഇപിഎഫ് പെൻഷൻ ലഭിക്കുന്നവർക്കും സാമൂഹ്യസുരക്ഷാ പെൻഷൻ നൽകാൻ സർക്കാർ ഉത്തരവ്. 1500 രൂപ ക്ഷേമപെൻഷൻ നൽകാനാണ് തീരുമാനം. നേരത്തെ 2000 രൂപ വരെ ഇപിഎഫ് പെൻഷൻ കിട്ടുന്നവർക്കായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്. അർഹതാ മാസദണ്ഡങ്ങൾക്ക് വിധേയമായാണ് ആനുകൂല്യം ലഭിക്കുന്നത്. ഇപിഎഫ് പെൻഷൻ 4000 രൂപയ്ക്ക് മുകളിൽ വാങ്ങുന്നവർക്ക് 600 രൂപ സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കും. ധനവകുപ്പിന്റെ ഉത്തരവ് പ്രകാരം 4000 രൂപ വരെ എൻപിഎസ്, എക്സ് ഗ്രേഷ്യാ പെൻഷൻ ലഭിക്കുന്നവർക്കും സാമൂഹ്യ ക്ഷേമപെൻഷൻ പ്രതിമാസം 1500 രൂപയാക്കും. ക്ഷേമപെൻഷൻ ഈ മാസം മുതൽ 1400 രൂപ വാങ്ങുന്നവർക്ക് 1500 രൂപയാക്കി ഉത്തരവായി.
എൺപത്തിയഞ്ചു വയസ്സുകഴിഞ്ഞവർ, എൺപത് ശതമാനത്തിലേറെ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർ, സ്ഥിരമായി രോഗശയ്യയിലായവർ, എന്നിവർക്ക് ആധാറില്ലാതെ എല്ലാത്തരം ക്ഷേമപെൻഷനുകളും ക്ഷേമനിധി ബോർഡുകളുടെ പെൻഷനും അനുവദിക്കാൻ സർക്കാർ ഉത്തരവായി. ഇവർ ഗസറ്റഡ് ഓഫീസർ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റും ആധാർ എടുത്തിട്ടില്ലെന്ന സത്യവാങ്മൂലവും ഹാജരാക്കണം.