മലയാളിയുടെ നിത്യഹരിത നായകൻ പ്രേംനസീർ കാലയവനികയ്ക്ക് പിന്നിൽ മറഞ്ഞിട്ട് ഇന്ന് 32 വർഷം തികയുന്നു. വൈവിദ്ധ്യമാർന്ന എഴുന്നൂറോളം നായക വേഷങ്ങൾക്ക് ജീവൻ പകർന്നു ചരിത്രം രചിച്ച അബ്ദുൽ ഖാദർ എന്നചിറയിൻകീഴുകാരൻ ഇന്നും മലയാളികളുടെ ഹൃദയത്തിൽ സ്മരണകളുണർത്തി ജീവിക്കുന്നു. രാജാവും, രാക്ഷസനും, കാമുകനും, ഭർത്താവും , കള്ളനും, പോലീസുകാരനും ഒക്കെയായി മലയാള സിനിമക്ക് ജീവവായു നൽകി ഇതിഹാസം സൃഷ്ടിച്ച ഈ ശാർക്കരേശ്വരിയുടെ നാട്ടുകാരൻ മലയാള സിനിമാ വേദിയിലെ അമൂല്യ രത്നമായിരുന്നു. ചിറയിൻകീഴിലെ പ്രശസ്തമായ ആക്കോട്ടു തറവാട്ടിൽ ഷാഹുൽ ഹമീദിന്റെയും അസുമാ ബീവിയുടെയും മകനായി അബ്ദുൽ ഖാദർ ജനിച്ചു. കലാകാരനായിരുന്ന പിതാവ് ഷാഹുൽ ഹമീദിന്റെ കുടുംബം രാജസദസുകളിൽ കവികളായി ആദരിക്കപ്പെട്ടിരുന്നു. ഈ ബന്ധമാകാം അബ്ദുൽ ഖാദറിലെ കലാകാരനെ കാലം പുറത്തെടുത്തത്. കുട്ടിക്കാലത്തു തന്നെ മാതാവ് അസുമാബീവി മരിച്ചു പോയിരുന്നു. തുടർന്ന് പിതാവ് ഷാഹുൽ ഹമീദ് വേറൊരു വിവാഹം കഴിച്ചു. ഏറെ നാൾ കഴിയുംമുൻപ് അവരും മരിച്ചു. കഠിനംകുളം എൽ പി സ്കൂളിൽ ഇത്താത്ത സുലൈഖാ ബീവിയുടെ വിരൽ തുമ്പിൽ തൂങ്ങി നടക്കുമ്പോൾ നാടക ഡയലോഗുകൾ പറഞ്ഞ് സുഹൃത്തുക്കളെ ചിരിപ്പിച്ചിരുന്ന അബ്ദുൽ ഖാദർ ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്കൂളിൽ പഠിക്കുമ്പോഴും കലാപ്രവർത്തനങ്ങളിൽ ശ്രദ്ധിച്ചിരുന്നു. ഇന്റർമീഡിയറ്റ് കഴിഞ്ഞ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ BA യ്ക്ക് അപേക്ഷ നൽകി കാത്തിരിക്കുമ്പോഴാണ് അബ്ദുൽ ഖാദറിന് സിനിമയിലേക്ക് വഴി തുറന്നത്. മുൻഷി പരമുപിള്ളയുടെ മരുമകൾ എന്ന സിനിമയിലേക്ക് ക്ഷണം കിട്ടുന്നത് അപ്പോഴാണ്. സേലം രത്നാ സ്റ്റുഡിയോയിൽ 1951 ഡിസംബർ 26 ന് ചിറയിൻകീഴ് അബ്ദുൽ ഖാദർ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്നു. ആദ്യ ചിത്രം പരാജയപ്പെട്ടെങ്കിലും കുഞ്ചാക്കോയുടെ ഉദയാ സ്റ്റുഡിയോയിലൂടെ ആബ്ദുൽ ഖാദറെ അവസരങ്ങൾ തേടിയെത്തി. ഇതിനിടെ ചലച്ചിത്രരംഗത്തു ഗുരുതുല്യനായി കണ്ടിരുന്ന തിക്കുറിശ്ശി സുകുമാരൻ നായർ അബ്ദുൽ ഖാദറിന് " പ്രേംനസീർ " എന്ന പേരും നൽകിക്കഴിഞ്ഞു. ചലച്ചിത്ര ലോകത്ത് അത്യുന്നതങ്ങളിൽ എത്തിയിട്ടും സ്വന്തം നാട്ടിനേയും നാട്ടുകാരേയും മറക്കാത്ത കലാകാരനായിട്ടാണ് പ്രേംനസീറിനെ ചിറയിൻകീഴ് ഓർക്കുന്നത്. ശാർക്കര ദേവീക്ഷേത്രത്തിൽ ആനയെ നടയ്ക്കിരുത്തിയതും , താലൂക്ക് ആശുപത്രിയിൽ മാതാവ് അസുമാബീവിയുടെ പേരിൽ എക്സ്റേ യൂണിറ്റ് സ്ഥാപിച്ചതും, കൂന്തള്ളൂർ ഗവ.ഹൈസ്കൂളിന് ബഹുനില മന്ദിരം നിർമ്മിച്ചു നൽകിയതും ഒക്കെ നസീറിന്റെ ജൻമനാട്ടിനുള്ള സംഭാവനകളിൽ ചിലതു മാത്രം. കൂന്തള്ളൂർ സ്കൂളിന് പിൽക്കാലത്ത് പ്രേംനസീർ മെമ്മോറിയൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എന്നു പേരിട്ടത് നസീറിനോട് ജൻമനാട്ടിനുള്ള ആദരവാണ്. 1983 ൽ രാഷ്ട്രം പ്രേംനസീറിന് പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ചു. സ്കൂളിൽ പഠിക്കുന്ന കാലത്ത് നേതാവായിരുന്ന പ്രേംനസീർ സിനിമയോടൊപ്പം അവസാനകാലത്ത് രാഷ്ടീയത്തിലും ഒരു കൈ നോക്കി. ബാപ്പയുടെ കീശയിൽ നിന്നും പണമെടുത്ത് കൂട്ടുകാർക്ക് മിഠായി വാങ്ങിക്കൊടുത്തതിന് ബാപ്പയിൽ നിന്നും തല്ല് കൊണ്ടിട്ടുള്ള പ്രേംനസീർ , സിനിമയിൽ താനുണ്ടാക്കിയ സമ്പത്തിന്റെ നല്ലൊരു ഭാഗം സ്വന്തം നാടിനും നാട്ടുകാർക്കും വേണ്ടി ചെലവാക്കിയിരുന്നത് പിറന്ന നാടിനോടുള്ള ഒടുങ്ങാത്ത കൂറു മൂലമായിരുന്നു
2021, ജനുവരി 16, ശനിയാഴ്ച
നിത്യഹരിത നായകന്റെ ഓർമ്മകൾക്ക് 32 വർഷം
Tags
# Regional News

About EC Online Tv
Regional News
ലേബലുകള്:
Regional News