തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇന്നലെ (തിങ്കൾ) മുതൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. വിപുലമായ സജ്ജീകരണങ്ങളാൽ തയ്യാറായ മെഡിക്കൽ കോളേജിലെ വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് 57 പേരാണ് ആദ്യ ദിനം വാക്സിൻ സ്വീകരിച്ചത്. ഒരു ദിവസം നൂറു പേർക്കാണ് വാക്സിൻ നൽകുന്നതെങ്കിലും സ്ഥലത്തില്ലാവരും ഗർഭിണികളും മുലയൂട്ടുന്നവരുമൊക്കെയായി 43 പേർക്ക് എത്താൻ കഴിഞ്ഞില്ല. ഇവർക്ക് മറ്റൊരു ദിവസം അവസരമൊരുക്കും.
വാക്സിനേഷൻ കേന്ദ്രം രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് പ്രവർത്തിക്കുന്നത്. മെഡിക്കൽ കോളേജ് മൾട്ടി ഡിസിപ്ലിനറി റിസർച്ച് ലാബ് കെട്ടിടത്തിൽ സജ്ജീകരിച്ച വാക്സിനേഷൻ കേന്ദ്രത്തിൽ രാവിലെ ഒൻപതിന് വാക്സിനേഷൻ പരിപാടി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ് ഉദ്ഘാടനം ചെയ്തു. എസ് എ ടി ആശുപത്രി സൂപ്രണ്ട് ഡോ എ സന്തോഷ് കുമാറാണ് ആദ്യം വാക്സിൻ സ്വീകരിച്ചത്. കേന്ദ്ര സർക്കാരിൻ്റെ മാർഗനിർദ്ദേശമനുസരിച്ചുള്ള എല്ലാ സംവിധാനങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.