കാത്തിരിപ്പിന് വിരാമം ; പ്രതീക്ഷകളുമായി പുതുവർഷമെത്തി - EC Online TV

Breaking

Post Top Ad


2021, ജനുവരി 1, വെള്ളിയാഴ്‌ച

കാത്തിരിപ്പിന് വിരാമം ; പ്രതീക്ഷകളുമായി പുതുവർഷമെത്തി

 


അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് പുതുവർഷം വന്നെത്തി. പുത്തൻ അനുഭവങ്ങളും  സന്തോഷങ്ങളും പുതു അവസരങ്ങളുമായി പുതുവർഷ പുലരി.  കഴിഞ്ഞ വർഷത്തെ അനുഭവം ഓർമ്മയുണ്ടോ? പുതുവർഷത്തെ കാത്തിരുന്ന പുതുവർഷമെത്തിയപ്പോൾ കൂടെ വുഹാനിൽ നിന്നും കൊറോണയും വന്നെത്തി. ഒരു മോഹൻലാൽ കഥാപാത്രം പറഞ്ഞ പോലെ പുതിയ  കളികൾ കാണാനും ചിലത് പഠിപ്പിക്കാനും. 


ആഹ്ലാദത്തിന്റെ  നിമിഷങ്ങളുമായി കടന്നു വന്ന് ഭീതിജനകമായ കറുത്ത ദിനങ്ങൾ സമ്മാനിച്ച 2020 കടന്നു പോയി. മനുഷ്യ രാശി ഇന്ന് വരെ അനുഭവിച്ചിട്ടില്ലാത്ത തീഷ്ണമായ അനുഭവങ്ങളിലൂടെയാണ് നാം ഓരോരുത്തരും കടന്നു പോയത്. ഒരു പക്ഷെ നെഞ്ചിടിപ്പോടെ അല്ലാതെ കഴിഞ്ഞ ഓരോ ദിനങ്ങളും നമ്മുടെ മനസിലേക്ക് കടന്നു വരില്ല. കഴിഞ്ഞു പോയ ദിനങ്ങളിലെ നെഗറ്റീവ് മാത്രം എടുത്തു പറയുന്ന നമ്മൾ എന്തുകൊണ്ടോ ആ ദിനങ്ങളിലെ പോസിറ്റീവ് അനുഭവങ്ങൾ മറന്നു പോകുന്നുണ്ട്. 


ലോക്ക് ടൗണിൽ  വീടിനുള്ളിൽ മാത്രം ഒതുങ്ങി കൂടിയ കുറച്ചു ദിവസങ്ങളിലെ അനുഭവങ്ങൾ കൊണ്ട് നാം മനസിലാക്കിയ ചില കാര്യങ്ങൾ ഒന്നിവിടെ ഓർമ്മിപ്പിച്ചോട്ടെ?   വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങി കൂടുന്ന വൃദ്ധരായ മാതാപിതാക്കൾ, പുറം ലോകത്തെ കാഴ്ചകൾ കാണാനും കൂട്ടുകാരോടൊത്ത് പഴയ അനുഭവങ്ങൾ പങ്കു വയ്ക്കാനുമൊക്കെ അവർക്കും മോഹമുണ്ടാവുമെന്ന് കൂട്ടിലടക്കപ്പെട്ട  പോലെ കഴിഞ്ഞ ദിനങ്ങളിൽ നാം മനസിലാക്കി. ആഘോഷങ്ങളിലും ചെറിയ യാത്രകളിൽ അവരെയും കൂടെ കൂട്ടാനും കുടുംബങ്ങളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ശീലിച്ചു. 


 നവ മാധ്യമങ്ങളിലെ ദൃശ്യാനുഭവങ്ങളെക്കാൾ മാനസികോല്ലാസം കുഞ്ഞുങ്ങളുടെ കളിചിരികൾക്കും അവരുടെ കിളികൊഞ്ചലുകൾക്കുമുണ്ടെന്ന് മനസിലാക്കി. ദുരിതത്തിൽ നിന്നും കൈപിടിച്ചുയർത്തിയ  നന്മയുടെ ഉറവിടം വറ്റാത്ത ചില മനുഷ്യ മനസുകളെ നാം കണ്ടു. പുതിയ പഠനരീതികൾ നാം പരീക്ഷിച്ചു. അങ്ങനെ ജീവിത ചര്യകളിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്ന വർഷമായിരുന്നു രണ്ടായിരത്തി ഇരുപത്. കോവിഡ് എന്ന മഹാമാരി നമ്മളിൽ നിന്ന് തട്ടിപറിച്ചെടുത്ത ഒരുപാട് ജീവനുകളുണ്ട്. അവർ പ്രവർത്തികമാക്കാതെ ബാക്കി വച്ച് പോയ അവരുടെ സ്വപ്നങ്ങളെ നമുക്ക് യാഥാർഥ്യമാക്കാൻ ശ്രമിക്കാം. 


കോവിഡിന്റെ മറ്റൊരു സമ്മാനമായിരുന്നു  സാമൂഹിക അകലം എന്നാൽ  അത്   ശാരീരിക അകലം മാത്രമായിരുന്നു  ഒരിക്കലും മാനസിക അടുപ്പത്തെ ബാധിച്ചിട്ടില്ല. പ്രളയമോ കോവിഡോ എന്ത് തന്നെയാലും ഒറ്റക്കെട്ടായി നിന്ന് ചെറുത്ത്‌ തോൽപ്പിക്കാൻ നമുക്ക് കഴിയുമെന്ന് നാം തിരിച്ചറിഞ്ഞു. മാസ്ക് കൊണ്ട് മുഖം മറച്ചപ്പോൾ വാക്കുകളിലൂടെ പ്രവർത്തിയിലൂടെ നന്മയുള്ള മനസുകളെ കണ്ടെത്തി. ഹാൻഡ് വാഷും സോപ്പും ഉപയോഗിച്ച് നാം കഴുകി കളഞ്ഞത് വൈറസിനെ മാത്രമല്ല മനുഷ്യ മനസ്സുകളിലെ അഹംഭാവും ആഡംബരപ്രിയവും ആർഭാടവും കൂടിയായിരുന്നു.   പോസിറ്റീവ് എന്ന വാക്കിനെ നെഗറ്റീവായി കണ്ട കഴിഞ്ഞ വർഷത്തെ അനുഭവങ്ങൾ ജീവിത യാത്രയിൽ എന്നും ഒരു പാഠമായി ഉൾക്കൊണ്ട് പുതുവർഷത്തെ നമുക്ക് വരവേൽക്കാം. 
Post Top Ad