വാളയാര്‍ കേസിലെ നാല് പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. കുട്ടികളുടെ മാതാവിന്റെയും സര്‍ക്കാരിന്റെയും അപ്പീല്‍ അംഗീകരിച്ചു കേസില്‍ പുനര്‍വിചാരണയ്ക്ക് ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ പുനഃരന്വേഷണം വേണമെങ്കില്‍ പ്രോസിക്യൂഷന് വിചാരണ കോടതിയെ സമീപിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.
വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും പെണ്‍കുട്ടികളുടെ മാതാപിതാക്കളും നല്കിയ അപ്പീല്‍ ഹര്‍ജികളിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കീഴ്ക്കോടതി പ്രതികളെ വെറുതെ വിട്ടത്. കേസന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് അപ്പീലിന്മേലുള്ള വാദത്തിനിടെ സര്‍ക്കാര്‍ തുറന്നു സമ്മതിച്ചിരുന്നു. 2017 ജനുവരി മാർച്ച് മാസങ്ങളിലാണ് വാളയാർ അട്ടപ്പള്ളത്ത് പതിമൂന്നും ഒൻപതും വയസുള്ള പെൺകുട്ടികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.