നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിക്കിടെ ദമ്പതികൾ മരിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി. റൂറല്‍ എസ്പിയോട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചോയെന്നാകും ക്രൈംബ്രാഞ്ച് അന്വേഷിക്കുക. തര്‍ക്കഭൂമിയിലെ കോടതി ഉത്തരവ് നടപ്പാക്കാനായി കോടതിയിൽ നിന്നുള്ള ഉദ്യാഗസ്ഥരും പൊലീസും എത്തിയപ്പോഴായിരുന്നു രാജന്റെയും കുടുംബത്തിന്റെയും ആത്മഹത്യാ ശ്രമം. കോടതി നടപടിക്കെത്തിയ പൊലീസുകാരാണ് അപകടം ഉണ്ടാക്കിയതെന്നാണ് മക്കളായ രാഹുലിന്റെയും രഞ്ജിത്തിന്റെയും മൊഴി. ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസിടപെട്ടതോടെയാണ് തീകൊളുത്തേണ്ടിവന്നതെന്നും രാജൻ പൊലീസിനെതിരെ മൊഴി നൽകിയിരുന്നു.