ആറ്റിങ്ങൽ ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ഹയർ സെക്കൻ്ററി വിഭാഗം എൻ.എസ്.എസിൻ്റെ ആഭിമുഖ്യത്തിൽ കവയത്രിയും പരിസ്ഥിതി സംരക്ഷകയുമായിരുന്ന യശ്ശശരീരയായ സുഗതകുമാരി ടീച്ചറുടെ ഓർമ്മയ്ക്കായി സംഘടിപ്പിച്ച 'ഹരിത ഇടം' എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവഹിച്ചു. എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ജി.രജിത് കുമാർ അധ്യക്ഷനായ ചടങ്ങിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ സുഗതകുമാരി ടീച്ചർ സംഭാവന ചെയ്ത അതിരുകളില്ലാത്ത നന്മകളുടെ നേർസാക്ഷ്യമായ അനുസ്മരണ പ്രഭാഷണം ഒന്നാം വർഷ വോളന്റിയർ അശ്വതി എം.എസ് നിർവഹിച്ചു. നഗരസഭാ വാർഡ് കൗൺസിലർ എസ്. സുജി, എൻ.എസ്.എസ് സംസ്ഥാന കോ - ഓഡിനേറ്റർ ഡോ.ജേക്കബ് ജോൺ, ആറ്റിങ്ങൽ ക്ലസ്റ്റർ പി.എ.സി എസ്.ഉണ്ണികൃഷ്ണൻ, പി.ടി.എ പ്രസിഡൻ്റ് വി.എസ്.വിജുകുമാർ, ഹെഡ്മിസ്ട്രസ് ശ്രീമതി ആർ ഗംഗാദേവി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എ.ഹസീന എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം ഡോ.ജേക്കബ് ജോൺ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരിക്ക് കൈമാറിയ വൃക്ഷ തൈ സ്കൂൾ അങ്കണത്തിൽ നട്ടു. കവയത്രിയുടെ "ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി" എന്ന കവിത ആലപിച്ചു കൊണ്ട് വോളന്റിയർമാർ പങ്കെടുത്ത ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ബി.ആർ.ബിനുകുമാർ നന്ദി അറിയിച്ചു.