സംസ്ഥാനത്ത് കൊവിഡ് വാക്സിന് സൂക്ഷിക്കാനും വിതരണത്തിനെത്തിക്കാനുമുള്ള സംവിധാനങ്ങള്‍ സജ്ജമാക്കി. കൊവാക്സിൻ, കൊവിഷീൽഡ് വാക്സിനുകൾക്കാണ് അനുമതി നൽകിയത്. ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശ- അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് ആദ്യം കൊവിഡ് വാക്സിന് നൽകുന്നത്. ഇവര്‍ക്കൊപ്പം വയോജനങ്ങളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലെ കണക്കു പ്രകാരം ഇതിനായി നാലര ലക്ഷത്തോളം വയല്‍ വാക്സിന് ആവശ്യമാണ്. കേരളം കേന്ദ്രത്തോട് അഞ്ച് ലക്ഷം ഡോസ് വാക്സിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഏറ്റവും കൂടിയ കേരളത്തില്‍ രോഗ നിയന്ത്രണത്തിന് വാക്സിന് അനിവാര്യമാണെന്നും വിതരണം തുടങ്ങിയാല്‍ ആദ്യ പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തണമെന്നും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വാക്സിന് വിതരണമെങ്ങനെ എന്ന കാര്യത്തിൽ കേന്ദ്ര നിലപാട് വ്യക്തമാക്കിയിട്ടില്ല.