നെടുമങ്ങാട് സ്വദേശിനിയായ വീട്ടമ്മ നെയ്യാറിൽ മുങ്ങിമരിച്ച സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത വീട്ടമ്മയുടെ സുഹൃത്തിനെ കോടതി റിമാൻഡ് ചെയ്തു. ആറാലുംമൂട് തിനനിന്നവിള വീട്ടിൽ ഉണ്ണികൃഷ്ണൻ(47) ആണ് റിമാൻഡിലായത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഉണ്ണികൃഷ്ണനെതിരെ കേസെടുത്തത്. നെടുമങ്ങാട് കരകുളം സ്വദേശിനി സുജ(37)ആണ് കഴിഞ്ഞ ദിവസം മുങ്ങി മരിച്ചത്. മൃതദേഹ പരിശോധനയുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരം മുങ്ങിമരണമാണെന്നാണ് പോലീസിന്റെ നിഗമനം.
നെടുമങ്ങാടിനടുത്ത് കരകുളത്ത് ഭാര്‍ത്താവിനും പന്ത്രണ്ട് വയസുള്ള മകനുമൊപ്പം താമസിച്ചു വരികയായിരുന്ന സുജ ഹോം നഴ്സായി ജോലി നോക്കുകയാണ്. താൻ ജോലിക്ക് പോകുകയാണെന്നും ബുധനാഴ്ച തിരിച്ചെത്തുമെന്നും പറഞ്ഞ് ഞായറാഴ്ച വീട്ടിൽ നിന്നിറങ്ങിയ സുജ ഉണ്ണികൃഷ്ണന്റെ ജോലി സ്ഥലത്തേക്ക് പോകുകയും പകൽ സമയം അവിടെ ചിലവഴിച്ച ശേഷം പിന്നീട് പിരായുംമൂട്ടിലെ വാടക വീട്ടിൽ ഉണ്ണികൃഷ്ണനും സുജയും താമസമാക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ടോടെ സുജയും ഉണ്ണികൃഷ്ണനും പിരായുംമൂടിന് സമീപത്തെ നെയ്യാറിന്റെ കടവിൽ കുളിക്കാനെത്തി. കുളിക്കാനിറങ്ങിയ സുജ മുങ്ങിത്താണു.
സുജ കയങ്ങളിലേക്ക് മുങ്ങി തന്നു പോകുന്നത് കണ്ടുനിന്ന ഉണ്ണികൃഷ്ണൻ അവരെ രക്ഷപ്പെടുത്താനോ നാട്ടുകാരെ വിളിച്ചുകൂട്ടാനോ തയ്യാറാകാതെ സുജയുടെ വസ്ത്രങ്ങളുമെടുത്ത് തിരികെ വാടക വീട്ടിലേയ്ക്ക് പോകുകയായിരുന്നു. നെയ്യാറിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നതുകണ്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. തിങ്കളാഴ്ചതന്നെ പോലീസ് ഉണ്ണികൃഷ്ണനെ കസ്റ്റഡിയിലെടുത്തിരുന്നു. നെയ്യാറ്റിൻകര തഹസിൽദാരുടെ മേൽനോട്ടത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടം നടത്തി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.