ആറ്റിങ്ങൽ നഗരസഭ വാർഡ് 20 ൽ വട്ടവിളാകത്ത് വീട്ടിൽ എ.വി.സജിതക്കാണ് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പി.എച്ച്.ഡി ലഭിച്ചത്. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി സജിതയെ പൊന്നാട അണിയിച്ച് ആദരിച്ചു. കൂടാതെ പട്ടണത്തിലെ പൗരവലിക്ക് വേണ്ടി ഭാവുകങ്ങൾ നേർന്ന് സംസാരിക്കുകയും ചെയ്തു. വാർഡ് കൗൺസിലർ എസ്. സുഖിൽ മധുരം നൽകി കുടുംബത്തിന്റെ സന്തോഷത്തിൽ പങ്ക് ചേർന്നു.
തക്കലയിലെ നൂറുൽ ഇസ്ലാം സെന്റെറിലാണ് 3 വർഷത്തെ പഠനം പൂർത്തിയാക്കി ഇവർ പി.എച്ച്.ഡി ക്ക് അർഹയായത്. ദിവസവും 200 കിലോമീറ്ററോളം യാത്ര ചെയ്താണ് സജിത കോളേജിൽ എത്തിയിരുന്നത്. ഗോകുലം പബ്ലിക്ക് സ്കൂളിൽ പ്ലസ്ടു കമ്പ്യൂട്ടർ അധ്യാപികയായി ജോലി നോക്കിയിരുന്ന ഇവർ തുടർ പഠനമെന്ന ആഗ്രഹം സഫലീകരിക്കാൻ അധ്യാപക വൃത്തി ഉപേക്ഷിക്കുകയായിരുന്നു. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ തനിക്ക് പഠനം പൂർത്തിയാക്കാൻ കുടുംബം വളരെ പ്രോത്സാഹനമാണ് നൽകിയതെന്ന് സജിത പറഞ്ഞു.
ഉന്നത വിദ്യാഭ്യാസത്തിന് ജോലിയോടൊപ്പം 'പോസ്റ്റ് ഡോക്ടറൽ' തിരഞ്ഞെടുക്കാനാണ് സജിതക്ക് ആഗ്രഹം. ഭർത്താവായ വി.ആർ ഗിരീഷ് എൽ.എസ്.ജി.ഡി അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ആണ്. മക്കളായ 7ാം ക്ലാസ്കാരനായ അഭിനവ്, 5-ാം ക്ലാസ്കാരനായ അവിനാഷ് എന്നിവർ തങ്ങളുടെ സ്നേഹ നിധിയായ അമ്മ കുടുംബത്തിലേക്ക് കൊണ്ടുവന്ന അംഗീകാരത്തിന്റെ ആനന്ദത്തിലാണ്.