ഒമ്പത് മാസത്തെ നീണ്ട ഇടവേളക്ക് ശേഷം കേരളത്തിലെ തിയേറ്ററുകൾ സജീവമായി തുടങ്ങുകയാണ്. ലോക്ക്ടൗണിന് ശേഷം ജനുവരി 13നാണ് കേരളത്തിലെ തിയേറ്ററുകൾ വീണ്ടും തുറന്നത്. ഇരുപതോളം മലയാളം ചിത്രങ്ങളാണ് റിലീസിനായി തയ്യാറായിരിക്കുന്നത്. ജയസൂര്യ കേന്ദ്രകഥാപാത്രമാകുന്ന ‘വെള്ളം’ ആണ് മാസ്റ്ററിനു പിന്നാലെ തിയേറ്ററിലെത്തുന്ന ആദ്യ മലയാളചിത്രം. ജനുവരി 22നാണ് ചിത്രത്തിന്റെ റിലീസ്.
ക്യാപ്റ്റനു ശേഷം പ്രജേഷ് സെന്നും നടൻ ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ‘വെള്ളം. സംയുക്ത, സിദ്ദീഖ്, ഇന്ദ്രൻസ്, ശ്രീലക്ഷ്മി, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, സന്തോഷ് കീഴാറ്റൂർ, വെട്ടുകിളി പ്രകാശ്, സിനിൽ സൈനുദ്ദീൻ,അധീഷ് ദാമോദർ, പ്രിയങ്ക തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജോസ് കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവരാണ് ‘വെള്ളം’ നിർമിച്ചിരിക്കുന്നത്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.
രണ്ട് ചിത്രങ്ങളാണ് ജനുവരി 29ന് റിലീസ് ചെയ്യുന്നത്. അനശ്വര രാജന് നായികയാവുന്ന വാങ്ക്, രജിഷ വിജയന്-ഷൈന്‍ ടോം ചാക്കോ ചിത്രം ലവ് എന്നീ ചിത്രങ്ങളാണ് ഒരേ ദിവസം റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയും മഞ്ജു വാരിയറും ആദ്യമായി ഒന്നിക്കുന്ന ‘ദ പ്രീസ്റ്റ്’ ഫെബ്രുവരി നാലിന് തീയറ്ററുകളിൽ എത്തും. ഒരു പുരോഹിതനായാണ് മമ്മൂട്ടി ഇതിൽ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.
അജു വര്‍ഗീസ് ചിത്രം സാജന് ബേക്കറി 1926, വിനായകനും ബാലുവര്‍ഗീസും അഭിനയിക്കുന്ന ‘ഓപ്പറേഷന് ജാവ’, അമിത് ചക്കാലയ്ക്കല്‍ നായകനായ ‘യുവം’, കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന മോഹൻകുമാർ ഫാൻസ്, ‘സഹ്യാദ്രിയിലെ ചുവന്ന പൂക്കള്‍’, ‘അജഗജാന്തരം’, ജയസൂര്യ നായകനായ ‘സണ്ണി’, ‘ടോള്‍ ഫ്രി 1600 – 600 – 60 ' എന്നിവയാണ് ഫെബ്രുവരിയിൽ തീയറ്ററുകളിൽ എത്തുന്ന മറ്റു ചിത്രങ്ങൾ. നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴല്‍’ മാര്‍ച്ച് 4ന് റിലീസ് ചെയ്യും. മരട് 357, വർത്തമാനം എന്നിങ്ങനെ നിരവധി ചിത്രങ്ങൾ തൊട്ടുപിറകെ തന്നെ തിയേറ്ററുകളിലെത്തും. മോഹന്‍ലാലിന്റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹം മാര്‍ച്ച് 26ന് തീയറ്ററുകളിൽ എത്തും.