കഴക്കൂട്ടം സി.എസ്.ഐ മിഷൻ ആശുപത്രിക്ക് മുന്നിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റും വോൾവോ ബസും കൂട്ടിയിടിച്ച് അപകടം. പിഞ്ചുകുഞ്ഞുൾപ്പെടെ 11 പേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടമുണ്ടായത്. കൊല്ലം സ്വദേശി ടി.എം. ഡാനിയൽ, തൃശൂർ സ്വദേശി വിഷ്ണു, ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി രാജേഷ്, കായംകുളം സ്വദേശി അനീഷ്, ഹരിപ്പാട് സ്വദേശി ജയതീഷ്, പൂവാർ സ്വദേശി സന്തോഷ് ബെഞ്ചമിൻ, ചെങ്കൽ സ്വദേശി വി.എസ്. ആര്യ, കരുനാഗപ്പള്ളി സ്വദേശികളായ സുജാത, രഘു, കായംകുളം സ്വദേശികളുടെ ഒരുവയസുള്ള മകൻ റിഹാൻ എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പലർക്കും മുഖത്തും താടിയെല്ലിനും കഴുത്തിനുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സമീപത്തെ കഴക്കൂട്ടം സി.എസ്.ഐ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസും എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വോൾവോ ബസുമാണ് കൂട്ടിയിടിച്ചത്. വോൾവോ ബസിന് മുന്നിൽ കൊല്ലം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ പെട്ടെന്ന് തിരഞ്ഞതാണ് അപകടത്തിന് കാരണം. വോൾവോ ബസ് പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോൾ പിന്നാലെ വന്ന സൂപ്പർഫാസ്റ്റ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വോൾവോ ബസിന് മുന്നിലുണ്ടായിരുന്ന കാർ റോഡിലെ മീഡിയൻ കടന്ന് എതിർവശത്തെ റോഡിലേക്ക് തെന്നിനീങ്ങി. കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ അനിൽകുമാറിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം പൊലീസും നാട്ടുകാരും മിഷൻ ആശുപത്രി ജീവനക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.