കേരളത്തിൽ രണ്ട് ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലും ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ് ഷിനു അറിയിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷികളില്‍ നിന്നും പക്ഷികളിലേക്ക് പകരുന്ന പനി ചില സാഹചര്യത്തില്‍ മനുഷ്യരിലേക്കും പകരാൻ സാധ്യതയുണ്ട്. പക്ഷികളുടെ വിസര്‍ജ്യത്തിലൂടെയും അവയുടെ ശരീര സ്രവങ്ങള്‍ വഴി വായുവിലൂടെയുമാണ് രോഗം പടരുന്നത്. അതിനാല്‍ പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ കൂടുതല്‍ ശ്രദ്ധ പുലർത്തണമെന്നും ഡി.എം.ഒ അറിയിച്ചു.
പക്ഷികളെ പരിപാലിക്കുന്നവർ കയ്യുറയും മുഖാവരണവും ധരിക്കുകയും പരിപാലനത്തിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകയും ചെയ്യണം. പനി, തലവേദന, ശരീര വേദന, മൂക്കൊലിപ്പ്, ചുമ, കഫക്കെട്ട്, മഞ്ഞ നിറത്തിലുള്ള കഫം എന്നിവയാണ് പക്ഷിപ്പനിയുടെ രോഗ ലക്ഷണങ്ങള്‍. പക്ഷികള്‍, കോഴികള്‍, താറാവുകള്‍ എന്നിവ അസ്വാഭാവികമായി ചത്തുപോയാല്‍ വിവരം ഉടന്‍ ആരോഗ്യവകുപ്പിനേയോ മൃഗസംരക്ഷണ വകുപ്പിനേയോ അറിയിക്കണമെന്നും ഡി.എം.ഒ നിർദ്ദേശിച്ചു.