'സാന്ത്വന സ്പർശം' അദാലത്ത് ചിറയിൻകീഴ് താലൂക്കിൽ ; അപേക്ഷ ഇന്ന് മുതൽ - EC Online TV

Breaking

Post Top Ad


2021, ജനുവരി 27, ബുധനാഴ്‌ച

'സാന്ത്വന സ്പർശം' അദാലത്ത് ചിറയിൻകീഴ് താലൂക്കിൽ ; അപേക്ഷ ഇന്ന് മുതൽ

 


നാളുകളായി തീർപ്പാകാതെ കിടക്കുന്ന പരാതികൾ, തർക്കങ്ങൾ, പലതരം നൂലാമാലകളിൽപ്പെട്ടു തീരുമാനമാകാതെ കിടക്കുന്ന പ്രശ്നങ്ങൾ, ജനങ്ങളുടെ വിവിധങ്ങളായ അപേക്ഷകൾ തുടങ്ങിയവ ഉടനടി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്ത് ഫെബ്രുവരി എട്ട്, ഒമ്പത്, പതിനൊന്ന് തീയതികളിൽ തിരുവനന്തപുരം ജില്ലയിൽ നടക്കും.  


ഫെബ്രുവരി ഒമ്പതിനു വർക്കല, ചിറയിൻകീഴ് താലൂക്കുകളിലെ പരാതികൾ പരിശോധിക്കും. ആറ്റിങ്ങൽ ഹയർ സെക്കൻഡറി സ്‌കൂളാണ് വേദി. രാവിലെ ഒമ്പതു മുതൽ 12.30 വരെ വർക്കല താലൂക്കിലേയും രണ്ടു മുതൽ 5.30 വരെ ചിറയിൻകീഴ് താലൂക്കിലേയും പരാതികളാകും പരിഗണിക്കുക. സഹകരണം – ടൂറിസം –  ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ഫിഷറീസ് മന്ത്രി ജെ. മേഴ്സുക്കുട്ടിയമ്മ എന്നിവരാണു പരാതികൾ പരിശോധിച്ചു പരിഹാരം നിർദേശിക്കുന്നത്. 



സാന്ത്വന സ്പർശം അദാലത്തിലേക്കുള്ള ജില്ലയിലെ പരാതികൾ ജനുവരി 27 ബുധനാഴ്ച മുതൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന ഓൺലൈനായി  സ്വീകരിച്ചു തുടങ്ങും. ജില്ലയിലെ താലൂക്ക്, വില്ലേജ് ഓഫിസുകളിലും പഞ്ചായത്ത് ഓഫിസുകളിലും നേരിട്ടു പരാതികൾ നൽകുകയും ചെയ്യാം. പരാതി നൽകുന്ന എല്ലാവരുടേയും മൊബൈൽ നമ്പറുകൾ നിർബന്ധമായും ഉൾപ്പെടുത്തണം. ഈ നമ്പറുകളിലേക്കു ലഭിക്കുന്ന ഡോക്കറ്റ് നമ്പർ ഉപയോഗിച്ചാകും തുടർന്നുള്ള നടപടിക്രമങ്ങൾ. ഫെബ്രുവരി രണ്ടിനു മുൻപ് പരാതികൾ നൽകണം. സാന്ത്വന സ്പർശത്തിലേക്കുള്ള അപേക്ഷകൾക്കൊന്നും അക്ഷയ കേന്ദ്രങ്ങളിലോ മറ്റെവിടെയെങ്കിലുമോ ഫീസ് നൽകേണ്ടതില്ല.  


കർശന കോവിഡ്  നിയന്ത്രണങ്ങൾ പാലിച്ചാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.  കിടപ്പു രോഗികൾ, പാലിയേറ്റിവ് പരിചരണം ആവശ്യമുള്ളവർ,  തുടങ്ങിയവർ അദാലത്തിൽ  നേരിട്ടെത്തേണ്ടതില്ല  പകരം ആവശ്യമായ രേഖകളുമായി ഇവരുടെ പ്രതിനിധികൾ എത്തിയാൽ മതി.  അദാലത്ത് നടക്കുന്ന കേന്ദ്രങ്ങളിലേക്ക് കുട്ടികളെയും  കൊണ്ടുവരുന്നതും അനുവദിക്കില്ല.  അദാലത്തിനെത്തുന്നവർക്ക്  കുടിവെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കുടുംബശ്രീയുടെ പ്രത്യേക ഫുഡ് കോർട്ടുകളും പ്രവർത്തിക്കും. പൊലീസിനു  പുറമേ കോവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കാൻ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

Post Top Ad