ചിറയിൻകീഴ് പെരുമാതുറ മുതലപ്പൊഴിയിൽ നിന്ന് കായലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെമ്പായം സ്വദേശി മുഹമ്മദ് റിയാസ് (31) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ജനുവരി 6ന് രാത്രിയോടെ ബൈക്കിൽ മുതലപ്പൊഴി താഴംപ്പള്ളി പുളിമുട്ടിൽ എത്തിയ റിയാസ് സഞ്ചരിച്ച് വന്ന ബൈക്ക് ഒതുക്കിവെച്ച ശേഷം കൈ ഞരമ്പ് ബ്ലെയിഡ് ഉപയോഗിച്ച് മുറിച്ചതിനു ശേഷം കായലിലേക്ക് എടുത്തുചാടിയെന്നാണ് നിഗമനം. സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയ ബൈക്കും ബാഗും ഷൂസും റിയാസിൻ്റെതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. റിയാസിനെ കാണ്മാനില്ലെന്ന് വട്ടപ്പാറ പോലീസിൽ ബന്ധുകൾ പരാതി നൽകിയിരുന്നു.
ഇന്നലെ വൈകുന്നേരം അഞ്ചര മണിയോടെ പള്ളിത്തുറ ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫിറോസ് വള്ളത്തിൽ പോയ മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തി കരക്കെത്തിച്ചത്. തുടർന്ന് കോവിഡ് പരിശോധനയ്ക്കും മറ്റു നടപടികൾക്കുമായി മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർ നടപടികൾക്ക് അഞ്ചുതെങ്ങ് പോലീസ്, കോസ്റ്റൽ പോലീസ് എന്നിവർ നേതൃത്വം നൽകി.