നെയ്യാറ്റിൻകരയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതി പൊലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചു. കൊടങ്ങാവിള സ്വദേശി ജോമോൻ (18) ആണ് കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്കു ശ്രമിച്ചത്. കഴുത്തിലും കയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്. ഗുരുതരമായ പരിക്കുകളോടെ ജോമോൻ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ബ്ലെയ്ഡ് ഉപയോഗിച്ചാണ് മുറിവുകൾ ഉണ്ടാക്കിയെന്നാണ് പോലീസ് ഭാഷ്യം. എന്നാൽ റിമാൻഡിൽ കഴിയുന്ന പ്രതിക്ക് ജയിലിൽ ബ്ലെയ്ഡ് എവിടെ നിന്നും ലഭിച്ചുവെന്നു വ്യക്തമല്ല.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെയ്യാറ്റിൻകര കമുകിൻകോട് ശബരിമുട്ടത്ത് സ്വദേശിനിയായ പതിനാലുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയും അറസ്റ്റിലായ പ്രതിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഇവർ തമ്മിൽ വഴക്കിട്ടതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ്, അവിടെ വച്ചു പെൺകുട്ടിയെ മർദിക്കുകയും ചെയ്തു. ഈ മനോവിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തെന്നാണ് പോലീസ് നിഗമനം. ജോമോനെതിരെ പെൺകുട്ടിയുടെ സഹോദരിയും പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.