സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതി തിരുവനന്തപുരം റൂറൽ ജില്ലാതലത്തിൽ സംഘടിപ്പിച്ച വിർച്വൽ കലാേൽസവത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച് അവനവഞ്ചേരി ഗവ. ഹൈസ്കൂൾ കിരീടം ചൂടി. താളം 2020-21 എന്ന പേരിൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച കലോൽസവത്തിൽ പതിനാറ് ഇനങ്ങളിലായി നടന്ന മത്സരത്തിൽ പന്ത്രണ്ട് ഇനങ്ങളിൽ പങ്കെടുത്താണ് സ്കൂൾ ഈ വിജയം കൈവരിച്ചത്. ഇംഗ്ലീഷ് പദ്യം ചൊല്ലൽ, ഇംഗ്ലീഷ് പ്രസംഗം, മോഹിനിയാട്ടം, മൃദംഗം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും നാടോടിനൃത്തം, കീബോർഡ് എന്നീ ഇനങ്ങളിൽ രണ്ടാം സ്ഥാനവും മലയാളം പദ്യം ചൊല്ലലിൽ മൂന്നാം സ്ഥാനവും അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കേഡറ്റുകൾ സ്വന്തമാക്കി. കേഡറ്റുകളായ വൈ.എസ്.സാനിയ, സാത്വിക ദിലിപ്, എൽ.എസ്. സുപർണ്ണ, അമൃത് രാജ്, എ.എസ്. അന്നപൂർണ്ണ, ഗൗതം കെ. നായർ, എസ്.ആർ. ആരഭി എന്നിവർ സ്കൂളിനു വേണ്ടി വിവിധ ഇനങ്ങളിൽ സമ്മാനം നേടി.
മുപ്പത്തി ഏഴ് സ്കൂളുകളിൽ നിന്ന് നൂറോളം കേഡറ്റുകൾ പതിനാറ് ഇനങ്ങളിലായി മത്സരങ്ങളിൽ പങ്കെടുത്തു. വെഞ്ഞാറമൂട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന അനുമോദന സമ്മേളത്തിൽ പ്രശസ്ത ചലച്ചിത്ര താരം നോബി കേഡറ്റുകൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. അഡ്വ. ഡി.കെ.മുരളി എം.എൽ.എ. അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.പി.സി. ജില്ലാ നോഡൽ ഓഫീസർ വി.എസ്.ദിനരാജ്, അസി. ജില്ലാ നോഡൽ ഓഫീസർ റ്റി.എസ്.അനിൽകുമാർ, കെ. ബാബുരാജ്, ജി.ഹരികുമാർ, എസ്. ലിനിലേഖ, സി.എസ്.സബീല എന്നിവർ സംബന്ധിച്ചു.