ശബരിമല സന്നിധാനത്ത് നാളെ മകര സംക്രമ പൂജയും മകര വിളക്ക് മഹോത്സവവും. നാളെ (14/01/21) പുലര്‍ച്ചെ അഞ്ചിന് നട തുറന്ന് നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകത്തിനും പുറമെ 8.14 നാണ് ഭക്തിനിര്‍ഭരമായ മകര സംക്രമ പൂജ നടക്കുക. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്നും എത്തിക്കുന്ന നെയ് തേങ്ങയിലെ നെയ്യ് അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകം നടത്തി പൂജ ചെയ്യുന്നതാണ് മകര സംക്രമ പൂജ.
വൈകുന്നേരം 6.30 ന് മകരസംക്രമ സന്ധ്യയില്‍ തിരുവാഭരണം ചാര്‍ത്തിയുള്ള മഹാ ദീപാരാധന നടക്കും. ദീപാരാധനക്ക് ശേഷം പൊന്നമ്പല മേട്ടില്‍ മകരവിളക്കും ആകാശത്ത് മകര ജ്യോതിയും തെളിയും. രാത്രി മണ്ഡപത്തില്‍ കളമെഴുത്തും പാട്ടും പൂജയും നടക്കും. 15,16,17,18 തീയതികളില്‍ എഴുന്നള്ളത്ത് ഉണ്ടായിരിയ്ക്കും. ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് 19 നാണ്. ജനുവരി 19 വരെ മാത്രമേ ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതിയുള്ളൂ. 20 ന് ശബരിമല നട അടയ്ക്കുന്നതോടെ ഈ വർഷത്തെ മകരവിളക്ക് മഹോല്‍സവത്തിന് പരിസമാപ്തിയാകും.