ആറ്റിങ്ങൽ പുതുവൽസര ദിനത്തിൽ പട്ടണത്തിലെ എല്ലാ ഹയർ സെക്കൻഡറി, ഹൈസ്കൂളുകളിൽ കൊവിഡ് ജാഗ്രത മാനദണ്ഡങ്ങൾ പാലിച്ച് ക്ലാസ് റൂം പഠനം പുനർ ആരംഭിച്ചു. സാനിട്ടേസർ, മാസ്ക്, സാമൂഹിക അകലം എന്നീ ജാഗ്രത മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരുന്നു സ്കൂൾ വിദ്യാഭ്യാസം പുനരാരംഭിച്ചത്. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള എന്നിവർ സ്കൂളുകളിലെത്തി കുട്ടികൾക്ക് പുതുവത്സര ആശംസകൾ നേർന്നു. കൂടാതെ വിദ്യാർത്ഥികൾക്ക് പ്രാഥമിക ബോധവൽക്കരണവും നൽകി. ഗവ.ബോയ്സ്, ഗേൾസ്, നവഭാരത്, അവനവഞ്ചേരി ഹൈസ്കൂൾ എന്നിവിടങ്ങളിൽ ഇന്നും, വിദ്യാധിരാജ, സി.എസ്.ഐ എന്നിവിടങ്ങളിൽ തിങ്കളാഴ്ചയുമാണ് ക്ലാസുകൾ സംഘടിപ്പിച്ചിരിക്കുന്നത്.
നഗരസഭ ആരോഗ്യ വിഭാഗം, വലിയകുന്ന് താലൂക്കാശുപത്രി, പി.ടി.എ, റസിഡൻസ് അസോസിയേഷൻ, പോലീസ്, എക്സൈസ്, വ്യാപാരികൾ, ഓട്ടോറിക്ഷ തൊഴിലാളി, ചുമട്ട് തൊഴിലാളി എന്നീ മേഖലകളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി തയ്യാറാക്കിയ ജാഗ്രത സമിതിയും സ്കൂളുകളിൽ സജ്ജമാണെന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.