ആറ്റിങ്ങൽ നഗരസഭ ടൗൺ ഹാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ചെയർപേഴ്സൺ അഡ്വ.എസ് കുമാരിയും, വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ളയും സ്ഥലം സന്ദർശിച്ചത്.
അഞ്ച് കോടി രൂപ ചിലവിട്ട് മൂന്ന് ഘട്ടങ്ങളിലായാണ് ടൗൺ ഹാൾ നിർമ്മാണം പൂർത്തിയാക്കുന്നത്. ഒന്നാം ഘട്ടം 2 കോടി രൂപ ചിലവിട്ട് പണികൾ പൂർത്തിയാക്കി. രണ്ടാം ഘട്ട പണികൾ ചെയ്യുന്നതിനുള്ള തുക അനുവദിക്കാനും ധാരണയായി. ഗവ. അംഗീകൃത ഏജൻസിയായ കെ.എസ്.ഇ.ബി ക്കാണ് കെട്ടിടത്തിന്റെ നിർമ്മാണ ചുമതല. 4 മാസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കി ടൗൺ ഹാൾ നാടിന് സമർപ്പിക്കാൻ സാധിക്കും. കെട്ടിടത്തിന്റെ ഭൂഗർഭ അറയിൽ 40 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടാവും. കൂടാതെ ആധുനിക രീതിയിൽ മലിന ജലം ശേഖരിക്കുന്നിന് 7 വേസ്റ്റ് വാട്ടർ പിറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
ഒന്നാം നിലയിൽ വിശാലമായ ഭക്ഷണമുറിയും അതിനോട് ചേർന്ന് കോൺഫറൻസ് ഹാളും, രണ്ടാം നിലയിൽ എയർ കണ്ടീഷൻ സംവിധാനത്തോട് കൂടിയ മണ്ഡപവും ഹാളും ഗ്രീൻ റൂം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഒരു സമയം 1000 ൽ അധികം ആളുകളെ ഉൾക്കൊള്ളുന്ന വിധത്തിലാണ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ആധുനിക സംവിധാനങ്ങളോട് കൂടിയ അടുക്കള, റാമ്പ്, ഭൂഗർഭ പാർക്കിംഗ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ഏകദേശം 30000 സ്ക്വയർ ഫീറ്റിൽ ഹൈടെക്ക് സംവിധാനങ്ങളോട് കൂടിയാണ് ഈ ബഹുനില കെട്ടിടം പണി കഴിപ്പിക്കുന്നത്. പട്ടണത്തിന് അകത്തും പുറത്തുമുള്ള സാധാരണക്കാരായ ജനങ്ങൾക്ക് ന്യായമായ വാടകക്ക് വിവാഹം പോലുള്ള സ്വകാര്യ ചടങ്ങുകളും മറ്റും നടത്താൻ ടൗൺഹാൾ ലഭ്യമാക്കുക എന്ന ഉദ്ദേശ്യമാണ് നഗരസഭക്ക് ഉള്ളതെന്ന് ചെയർപേഴ്സൺ പറഞ്ഞു.