പോത്തൻകോട് വെള്ളാനിക്കൽ പാറയിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ പിടിച്ചു പറിച്ച കേസിലെ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ, കടുവയിൽ, കാട്ടുംപുറം, ശ്രീജ ഭവനിൽ ആകാശ് (21) ആണ് പിടിയിലായത്. രണ്ടാം പ്രതി വെഞ്ഞാറമൂട് സ്വദേശി ഷൈൻ -നെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വെട്ടുകത്തി കാണിച്ച് ഭീഷണിപെടുത്തി പുളിമാത്ത് സ്വദേശിയായ മുഹമ്മദ് ബഷീറിൻ്റെ 12,000 രൂപ വിലവരുന്ന മൊബൈൽ ഫോണും, കൂട്ടുകാരനായ ഇർഷാദിൻ്റെ 15,000 രൂപ വില വരുന്ന മൊബൈൽ ഫോണും, പിടിച്ചു പറിച്ച് കടന്നു കളയുകയായിരുന്നു.
2019 സെപ്റ്റംബർ പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി വെള്ളാണിക്കൽ പാറമുകൾ ക്ഷേത്രത്തിനു സമീപം ഇരിക്കുകയായിരുന്ന മുഹമ്മദ് റിയാസ്, ആസിഫ്, ആലിഫ്, ജാഫർ എന്നിവരെ പ്രതികൾ വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ തട്ടിയെടുക്കുകയും തുടർന്ന് ഇവരെ ആക്രമിച്ച ശേഷം കടന്നു കളയുകയും ചെയ്തു. സംഭവത്തിന് ശേഷം കഴിഞ്ഞ ഒരു വർഷമായി ഒളിവിൽ കഴിയുകയായിരുന്ന ഒന്നാം പ്രതി ആകാശാണ് കഴിഞ്ഞ ദിവസം പോത്തൻകോട് പോലീസിന്റെ പിടിയിലായത്. പോത്തൻകോട് പോലീസ് സ്റ്റേഷൻ സി.ഐ സി.ഗോപിയും, എസ്.ഐ അജീഷ്.വി.എസും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.