നാവായിക്കുളത്തെ അരുംകൊല മൃതദേഹങ്ങൾ ഖബറടക്കി. രണ്ട് മക്കളെയും അതിദാരുണമായി കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യചെയ്ത സംഭവത്തിൽ പിതാവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങൾ നെടുമങ്ങാട് ആനാട് ചുള്ളിമാനൂർ മുസ്ലീം പള്ളിയിൽ ഖബർ അടക്കി. നാവായിക്കുളം നൈനാംകോണം വടക്കേവയൽ മംഗ്ലാവിൽവാതുക്കൽ വയലിൽ വീട്ടിൽ സഫീർ (34) മക്കളായ അൽത്താഫ് (11), അൻഷാദ് (9) എന്നിവരുടെ മൃതദേഹമാണ് ഖബറടക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം കഴിഞ്ഞ് ഇന്നലെ വൈകിട്ട് നാവായിക്കുളം വൈരമല എ.ആർ. മൻസിലിൽ പൊതുദർശനത്തിന് ശേഷം സഫീറിന്റെ കുടുംബ സ്ഥലമായ ചുള്ളിമാനൂരേക്ക് കൊണ്ട് പോകുകയായിരുന്നു.
ശനിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മൂത്തമകനെ സഫീർ താമസിക്കുന്ന മംഗ്ലാവിൽ വാതുക്കൽ വയലിൽ വീട്ടിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഇളയ മകനെയും കൊണ്ട് സഫീർ നവായികുളത്തെ ക്ഷേത്ര കുളത്തിൽ ചാടി മരിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി സഫീറും ഭാര്യ റെജീനയും പിരിഞ്ഞു താമസിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാകും കൊലപാതകത്തിന് കാരണമെന്ന് പോലീസ് ഭാഷ്യം. സഫീർ നാവായിക്കുളം പട്ടാളം മുക്കിലെ ഓട്ടോ തൊഴിലാളിയായിരുന്നു. അൽത്താഫും അൻഷാതും നാവായിക്കുളം ഗവ.ഹയർസെക്കൻഡറി സ്കൂളിലെ 6,4 ക്ളാസ്സിലെ വിദ്യാർഥികളായിരുന്നു.
തന്റെ മക്കൾ ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന യാഥാർഥ്യമുൾക്കൊള്ളാനാവാതെ റെജീന കുഴഞ്ഞു വീഴുകയായിരുന്നു. ഇന്നലെ മൃതദേഹങ്ങൾ കാണുന്നത് വരെയും തന്റെ മക്കളെ കാണാനില്ലെന്നും ഉടൻ എത്തുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു റജീന. അഡ്വ. വി. ജോയി എം.എൽ.എ, നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ, വാർഡ് മെമ്പർ സാബു, സഫീറിന്റെ സുഹൃത്തുക്കളായ ഓട്ടോ ഡ്രൈവർമാർ, സുഹൃത്തുക്കൾ, നാട്ടുകാർ, ബന്ധുക്കൾ തുടങ്ങി നിരവധിപേർ അന്ത്യോപചാരം അർപ്പിക്കാനെത്തി. 15 മിനിറ്റോളം പൊതുദർശനത്തിനുവച്ച മൃതദേഹങ്ങൾ രാത്രി 8 ഓടെ നെടുമങ്ങാട് ചുള്ളിമാനൂർ ജുമാ മസ്ജിദിൽ കബറടക്കിയത്.