കിളിമാനൂരിൽ തേനിച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു ; നിരവധിപേർക്ക് പരിക്ക് - EC Online TV

Breaking

Post Top Ad


2021, ജനുവരി 25, തിങ്കളാഴ്‌ച

കിളിമാനൂരിൽ തേനിച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു ; നിരവധിപേർക്ക് പരിക്ക്

 


കിളിമാനൂർ  പുല്ലയിൽ മൊട്ടലുവിള ജംഗ്ഷന് സമീപം തേനിച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. മൊട്ടലുവിള രേവതി ഭവനിൽ ബാബുവാണ് (57) തേനിച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് മരിച്ചത്. ഇന്നലെ വൈകിട്ടോടെ ജംഗ്ഷനിലെ മാവിന് മുകളിൽ കൂട് കൂട്ടിയിരുന്ന തേനീച്ചക്കൂട്ടിൽ പരുന്ത് കൊത്തിയതിനെ തുടർന്ന് പറന്നിറങ്ങിയ തേനീച്ചക്കൂട്ടം പ്രദേശത്തുള്ളവരെ ആക്രമിക്കുകയായിരുന്നു.  ജംഗ്ഷനിലെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയതായിരുന്നു ബാബു.  പരിക്കേറ്റ ഇയാളെ കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


തേനിച്ചക്കൂട്ടത്തിന്റെ കുത്തേറ്റ്  ഗുരുതരമായി പരിക്കേറ്റ സുന്ദരൻനായരെയും ദിലീപിനെയും മെഡിക്കൽ കോളേജ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പരിക്കേറ്റ ഉണ്ണിക്കണ്ണൻ (9), ഓമന (60), അനുമോൾ (14), സുനിൽ (40), ശ്രീകുമാർ (47), രാജു (45), അരുൺ (32), ആനന്ദവല്ലി (67), ഷാജി (40), ഷാൻ (27), നിസാർ (52), മഹറൂഫ് (22), നാസർ (52), ആനന്ദ് (12), റഹിയത്ത് ബീവി (80), സുബൈദ ബീവി (58), അമ്മിണി (50), താജുദീൻ (60), മോഹനൻ (61), ജയകുമാർ (46), ഹരീഷ് (30), മോഹനൻ (46), മധു (45),  മണിയൻ (54) എന്നിവരെ കേശവപുരം കമ്മ്യൂണിറ്റി സെന്ററിൽ പ്രവേശിപ്പിച്ചു.  


ഇന്നലെ രാവിലെ തേനീച്ച കൂടിളകി ഒരാളെ കൊത്തിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മാവിന്റെ മുകളിൽ തേനിച്ചക്കൂട് കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ്, പൊലീസ്, ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പാണ് സംഭവം. പരിക്കേറ്റവരെ ഇവരുടെ വാഹനങ്ങളിലാണ് ആശുപത്രിയിലെത്തിച്ചത്. രാത്രി വൈകിയും തേനീച്ചക്കൂട് നശിപ്പിക്കാനുള്ള ശ്രമം തുടർന്നു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ ബി. സത്യൻ എം.എൽ.എ സന്ദർശിച്ചു. മരിച്ച ബാബുവിന്റെ ഭാര്യ സാവിത്രി. മക്കൾ: സാബു, സൈജു, രേവതി, മരുമക്കൾ: അശ്വതി, പ്രവിത, സൈജു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad