കിളിമാനൂർ പുളിമാത്തിനും പൊരുന്തമണ്ണിനും ഇടയിൽ പെട്രോൾ ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെയായിരുന്നു അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ടാങ്കർ ലോറി മുൻപിലുണ്ടായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ചോർച്ച സംഭവിക്കാത്തതിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. അപകടത്തിനു പിന്നാലെ മണിക്കൂറുകളോളം എം സി റോഡിൽ ഗതാഗതം സ്തംഭിച്ചു.
കൊച്ചിയിൽ നിന്നും ഇന്ധനവുമായി തിരുവനന്തപുരത്തേയ്ക്ക് വരുകയായിരുന്നു ഭാരത് പെട്രോളിയത്തിന്റെ ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ക്യാബിൻ പൂർണ്ണമായും തകർന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തുകയും അപകടത്തിൽ പെട്ട വാഹനം റോഡിൽ നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. വെഞ്ഞാറമൂട് അസി. സ്റ്റേഷൻ ഓഫീസർമാരായ രാജേന്ദ്രൻ നായർ , നസീർ എന്നിവരാണ് രക്ഷ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.