ആദ്യഘട്ട കൊവിഡ് വാക്സിൻ വിതരണത്തിന് സംസ്ഥാനം പൂർണ്ണ സജ്ജം. 133 വാക്സീനേഷൻ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് വാക്സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യപ്രവർത്തകർക്കാണ് ഇന്ന് വാക്സിൻ കുത്തിവയ്പ്പ് എടുക്കുന്നത്. രാവിലെ 10.30 ഓടെ പ്രധാനമന്ത്രി വാക്സിൻ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചശേഷം വാക്സിൻ വിതരണം ആരംഭിക്കും.
ഓരോ ആള്‍ക്കും 0.5 എംഎല് കൊവീഷീല്‍ഡ് വാക്സിനാണ് കുത്തിവയ്പ്പിലൂടെ നല്‍കുന്നത്. കൈയ്യിലെ മസിലിലാണ് കൊവിഷീൽഡ് കുത്തിവയ്ക്കുക. വാക്സിന് നല്കാന് ഒരാള്‍ക്ക് 4 മിനിറ്റ് മുതല്‍ 5 മിനിറ്റ് വരെ സമയമെടുക്കും. വാക്സിന് എടുത്തു കഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും ഒബ്സര്‍വേഷനിലിരിക്കണം. എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ അത് പരിഹരിക്കാനുള്ള നടപടികള്‍ അപ്പോള്‍ തന്നെ സ്വീകരിക്കുന്നതാണ്. അതിനാലാണ് 30 മിനിറ്റ് നിരീക്ഷണം നിര്‍ബന്ധമാക്കുന്നത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാല്‍ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നൽകുന്നത്.
ആദ്യ ദിവസമായ ഇന്ന് ഒരു കേന്ദ്രത്തിൽ നിന്നും നൂറു പേർക്കാണ് വാക്സിൻ നൽകുന്നത്. രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ച് വരെയാണ് വാക്സിൻ നൽകുക. നാളെ മുതൽ കൊവിൻ ആപ്പ് ആക്ടിവേറ്റ് ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സന്ദേശം വന്നു തുടങ്ങും. കുത്തിവയ്പെടുക്കാൻ എത്തേണ്ട കേന്ദ്രം , സമയം എല്ലാം സന്ദേശത്തില്‍ ഉണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ ദിവസവും വാക്സിനേഷൻ നടക്കും. എന്നാല്‍ തിരുവനന്തപുരം അടക്കം ചില ജില്ലകളിലെങ്കിലും സ്വകാര്യ ആശുപത്രികളില്‍ ഒന്നിട വിട്ട ദിവസങ്ങളിലായിരിക്കും കുത്തിവയ്പ് നൽകുന്നത്. കോവിഡ് ലക്ഷണങ്ങളുള്ളവര്‍ , പ്ലാസ്മ തെറാപ്പി സ്വീകരിച്ചവര്‍ , ഗര്‍ഭിണികള്‍ , മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് വാക്സിൻ നല്‍കില്ല.