തലസ്ഥാന നഗരിയിൽ സർക്കാരിന്റെ കളരിപ്പയറ്റ് അക്കാഡമി വരുന്നു. ടൂറിസം വകുപ്പിന് കീഴിലുള്ള വെള്ളാർ ക്രാഫ്റ്റ് വില്ലേജിലാണ് 3500 ചതുരശ്ര അടിയുള്ള കളരിപ്പയറ്റ് അക്കാഡമി സ്ഥാപിക്കുന്നത്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടു മാസത്തിൽ പൂർത്തിയാക്കാനാണ് തീരുമാനം. പത്മശ്രീ മീനാക്ഷിയമ്മയുടെ നേതൃത്വത്തിലുള്ള കളരി ആശാൻമാരാണ് ഇവിടെ ക്ളാസുകളെടുക്കുന്നത്. ജനുവരി 16ന് നടക്കുന്ന നവീകരിച്ച ക്രാഫ്റ്റ് വില്ലേജിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കളരിപ്പയറ്റ് അക്കാഡമിയുടെ സിലബസ് പ്രകാശനം ചെയ്യും.
100 വിദ്യാർഥികൾക്കാണ് ക്ളാസ്സുകളുടെ ആരംഭത്തിൽ പ്രവേശനം നൽകുന്നത്. രണ്ടു ബാച്ചുകളിലായാണ് ക്ളാസ്സുകൾ. രാവിലെ അഞ്ചു മണി മുതൽ എട്ടു വരെയും വൈകിട്ട് അഞ്ചു മുതൽ ഏഴു മണി വരെയുമാവും പരിശീലനം. കുട്ടികൾക്കും മുതിർന്നവർക്കും പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടാവും. നൃത്തം അഭ്യസിക്കുന്നവർക്ക് മെയ്വഴക്കത്തിനായി കളരിപ്പയറ്റ് പരിശീലനം നൽകുന്നതിന് നൃത്തപരിശീലന കളരിയെയും കളരിപ്പയറ്റ് അക്കാഡമിയെയും പരസ്പരം ബന്ധപ്പെടുത്തി ക്ളാസുകൾ നടത്താനും ആലോചനയുണ്ട്.