നെയ്യറ്റിൻകരയിലെ തർക്ക ഭൂമി വസന്തയുടേതെന്ന് നെയ്യാറ്റിൻകര തഹസിൽദാറിന്റെ റിപ്പോർട്ട്. തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പുറമ്പോക്ക് ഭൂമിയല്ലെന്നും വസ്തു വസന്തയുടേതാണെന്നും ഈ ഭൂമി രാജൻ കയ്യേറിയതാണെന്നും തഹസിൽദാർ നൽകിയ റിപ്പോർട്ടിലുണ്ട്. വസന്ത ഭൂമി അന്യായമായി കൈവശം വച്ചിരിക്കുകയാണ് എന്നായിരുന്നു പൊള്ളലേറ്റ് മരിച്ച രാജന്റെയും മക്കളുടെയും അയൽക്കാരുടെയും വാദം. എന്നാൽ ഈ വാദം തെറ്റാണെന്നാണ് തഹസിൽദാറുടെ റിപ്പോർട്ട്. 40 വർഷങ്ങൾക്കു മുൻപ് പഞ്ചായത്ത് ലക്ഷം വീട് പദ്ധതിക്കായി വിലകൊടുത്ത് വാങ്ങിയ ഭൂമിയാണിത്. പിന്നീട് ഇത് പലരിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു. വസന്ത ഈ ഭൂമി സുഗന്ധ എന്നയാളിൽ വിലകൊടുത്ത് വാങ്ങിയതാണ്. ഇവരുടെ പേരിൽ കരമടച്ച രസീത് അടക്കം കൈവശമുണ്ട്.
ഡിസംബർ ഇരുപത്തിരണ്ടിനാണ് നെയ്യാറ്റിൻകരയിൽ രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമീപവാസിയായ വസന്തയുമായുള്ള ഭൂമി തർക്കമാണ് കേസിലേക്ക് നയിച്ചത്. തുടർന്ന് കേസിൽ രാജനെതിരായി വിധി വരികയും കുടുംബത്തെ ഇവിടെ നിന്ന് ഒഴിപ്പിക്കാൻ ഉത്തരവാകുകയും ചെയ്തു. കോടതി ഉത്തരവ് നടപ്പിലാക്കാൻ പൊലീസ് എത്തിയതോടെ പൊലീസിനെ പിൻതിരിപ്പിക്കാൻ രാജൻ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. പൊലീസ് രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ തട്ടിമാറ്റുന്നതിനിടെ ശരീരത്തിൽ തീ പടർന്നുപിടിച്ച് ഗുരുതരാവസ്ഥയിലായ ദമ്പതികൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെ മരണപ്പെടുകയും ചെയ്തു.