പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം അനർഹമായി പണം കൈപറ്റിയവർ പണം തിരികെ അടയ്ക്കേണ്ടി വരും. കേന്ദ്ര സർക്കാർ അനർഹമായി പണം കൈപറ്റിയവരുടെ വിവരങ്ങൾ പുറത്തുവിട്ടപ്പോൾ കേരളത്തിൽ നിന്നും 15,163 പേർ ഉൾപ്പെട്ടിട്ടുണ്ട്. പണം തിരിച്ചടപ്പിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നു കാണിച്ച് കൃഷി ഡയറക്ടർ ജില്ലകളിലെ പ്രിൻസിപ്പൽ കൃഷി ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൃഷി വകുപ്പിന്റെ പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്കാണ് പണം തിരിച്ചടക്കേണ്ടത്.
ആദായ നികുതി നൽകുന്നവർ ഈ പദ്ധതിക്ക് അപേക്ഷിക്കാൻ അർഹരല്ല എന്ന് വ്യക്തമാക്കി പദ്ധതിയുടെ മാർഗ നിർദ്ദേശത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇതു പാലിക്കാതെ ആനുകൂല്യം കൈപറ്റിയവർക്കാണ് ഇപ്പോൾ പണം തിരികെ അടക്കേണ്ടതായി വരുന്നത്.
തൃശ്ശൂർ 2384, എറണാകുളം 2079, ആലപ്പുഴ 1530, പാലക്കാട് 1435, കോട്ടയം 1250, തിരുവനന്തപുരം 856, കൊല്ലം 899, പത്തനംതിട്ട 574, ഇടുക്കി 636, മലപ്പുറം 624, കോഴിക്കോട് 788, കണ്ണൂർ 825, വയനാട് 642, കാസർക്കോട് 614 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.
2019 ഫെബ്രുവരി 24നാണ് പ്രധാനമന്ത്രി പിഎം കിസാൻ പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാൽ 2018 ഡിസംബർ മാസത്തെ മുൻകാല പ്രാബല്യത്തോടെയാണ് ഗുണഭോക്താക്കൾക്ക് ആദ്യ വിഹിതം കൈമാറിയത്. പദ്ധതി പ്രകാരം രണ്ട് ഹെക്ടർ വരെ കൃഷി ഭൂമിയുള്ള ഇടത്തരം, ചെറുകിട കൃഷിക്കാർക്ക് മൂന്ന് ഗഡുക്കളായി പ്രതിവർഷം 6000 രൂപ അർഹരായ കർഷക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ലഭ്യമാക്കുന്നു. 2000 രൂപ വീതം നാലു മാസത്തെ ഇടവേളകളിൽ 3 തുല്യ ഗഡുക്കളായാണ് തുക വിതരണം ചെയ്യുന്നത്.