സംസ്ഥാനത്ത് കൊവിഡ് വാക്സിൻ കുത്തിവയ്പ്പിനുള്ള രണ്ടാംഘട്ട ഡ്രൈ റണിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ആരോഗ്യമന്ത്രി. കേരളത്തിലെ എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് നാളെ ഡ്രൈ റണ്‍ നടക്കുന്നത്. രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍. മെഡിക്കല്‍ കോളേജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിങ്ങനെയാണ് നാളെ ഡ്രൈ റണ്‍ നടത്തുന്നത്. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണ്ണില്‍ പങ്കെടുക്കുന്നത്. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് ഉള്‍പ്പെടെയുള്ള കൊവിഡ് വാക്സിനേഷന് നല്കുന്ന നടപടിക്രമങ്ങള്‍ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റണ്‍ നടത്തുന്നത്.
ജനുവരി രണ്ടിന് 4 ജില്ലകളില്‍ 6 ആരോഗ്യ കേന്ദ്രങ്ങളിലായി വിജയകരമായി നടത്തിയ ഡ്രൈ റണ്ണിന് ശേഷമാണ് കേരളം എല്ലാ ജില്ലകളിലുമായി കോവിഡ് ഡ്രൈ റണ്‍ നടത്തുന്നതെന്നും മന്ത്രി അറിയിച്ചു. എപ്പോള്‍ വാക്സിന് എത്തിയാലും കേരളം കൊവിഡ് വാക്സിനേഷന് സജ്ജമാണെന്ന് മന്ത്രി വ്യക്തമാക്കി.ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശ വര്‍ക്കര്‍മാര്‍, ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്സിന് നല്‍കുന്നത്.